തിരുവനന്തപുരം : സാംസ്ക്കാരിക, കലാ, സിനിമാ മേഖലകൾക്കും ഗവേഷണ രംഗത്തിനും വൻ കുതിപ്പേകുന്ന വിപുലമായ പദ്ധതികളാണ് യുഡി എഫ് സർക്കാരിന്റെ പുതിയ ബജറ്റിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചത്. മലയാള സിനിമയുടെ സമഗ്രവികസനം , പ്രമുഖ പ്രതിഭകളുടെ സ്മരണാർത്ഥമുള്ള സാംസ്ക്കാരിക കേന്ദ്രങ്ങൾ, അത്യാധുനിക ഗവേഷണ പാർക്കുകൾ , വയോജന ക്ഷേമം എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയാണ് ബജറ്റിൽ മാറ്റി വച്ചിരിക്കുന്നത്.
മലയാള സിനിമയുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ട് മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ സ്മരണാർത്ഥം ജെ സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി ചിത്രനഗരം സ്ഥാപിക്കും . അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ഈ ഫിലിം സിറ്റിയ്ക്കായി നൂറ് കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിനു പുറമേ ചലച്ചിത്ര മേഖലയ്ക്ക് വലിയ ഉണർവേകുന്നതിനായി സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കൽ, വ്യാജപതിപ്പുകൾ തടയാൻ ആന്റി പൈറസി സെൽ രൂപീകരിക്കൽ, സിനിമയ്ക്ക് അനുയോജ്യമായ ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുള്ള അന്തരീക്ഷം ഒരുക്കല്‍ എന്നിവയും ഈ വികസന പദ്ധതിയുടെ ഭാഗമാണ്.

