തിരുവനന്തപുരം : പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പ്രഖ്യാപിച്ച പദ്ധതികളെ പ്രശംസിച്ച് നടൻ മോഹൻലാൽ. കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
‘ ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി ‘ -എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
മലയാള സിനിമയുടെ സമഗ്രവികസനം , പ്രമുഖ പ്രതിഭകളുടെ സ്മരണാർത്ഥമുള്ള സാംസ്ക്കാരിക കേന്ദ്രങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയാണ് ബജറ്റിൽ മാറ്റി വച്ചിരിക്കുന്നത്. .
അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ഈ ഫിലിം സിറ്റിയ്ക്കായി നൂറ് കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിനു പുറമേ ചലച്ചിത്ര മേഖലയ്ക്ക് വലിയ ഉണർവേകുന്നതിനായി സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മലയാള സിനിമയുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ട് മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ സ്മരണാർത്ഥം ജെ സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി ചിത്രനഗരം സ്ഥാപിക്കും .
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കൽ, വ്യാജപതിപ്പുകൾ തടയാൻ ആന്റി പൈറസി സെൽ രൂപീകരിക്കൽ, സിനിമയ്ക്ക് അനുയോജ്യമായ ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുള്ള അന്തരീക്ഷം ഒരുക്കല്‍ എന്നിവയും ഈ വികസന പദ്ധതിയുടെ ഭാഗമാണ്.

