തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് ഡോക്യുമെന്ററി പുറത്തിറങ്ങുന്നു. സെക്രട്ടേറിയറ്റിലെ സി.പി.എം. സൗഹൃദ ജീവനക്കാരുടെ സംഘടനയാണ് ‘പിണറായി ദി ലെജൻഡ്’ എന്ന പേരിൽ ഡോക്യുമെന്ററി നിർമ്മിക്കുന്നത് . സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
15 ലക്ഷം രൂപ ചിലവിലാണ് നിർമ്മാണം. ഡോക്യുമെന്ററിയുടെ സംവിധായകൻ നേമം സ്വദേശിയാണ്. മുഖ്യമന്ത്രിയുടെ ജീവചരിത്രം, ഭരണനേട്ടങ്ങൾ, നേതൃത്വം എന്നിവ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തുടർഭരണത്തിലേക്ക് നീങ്ങുന്ന പിണറായിക്ക് സമ്മാനമെന്ന നിലയിലാണ് സി.പി.എം. സൗഹൃദ സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഡോക്യുമെന്ററി തയ്യാറാക്കുന്നത്. നേരത്തെ, സുവർണ്ണ ജൂബിലി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി പിണറായി എത്തിയപ്പോൾ പാടാൻ അസോസിയേഷൻ ഒരു സ്തുതിഗീതം തയ്യാറാക്കിയിരുന്നു. ഗാനം വളരെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഡോക്യുമെന്ററി നിർമ്മിക്കുന്നത്.

