തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പരാമർശിച്ച് മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ മൊഴി നൽകിയതായി റിപ്പോർട്ട് . കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കടകംപള്ളിയുമായി നേരത്തെ പരിചയമുണ്ടെന്നും ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായും ചോദ്യം ചെയ്യലിൽ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
താൻ കാണുന്നതിന് മുമ്പ് തന്നെ പോറ്റി ശബരിമലയിൽ അറിയപ്പെടുന്ന ആളായിരുന്നുവെന്നും പത്മകുമാർ അവരോട് പറഞ്ഞു. തന്ത്രി കുടുംബത്തിലെ അറിയപ്പെടുന്ന അംഗമായി പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നു, തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ശബരിമലയിൽ ശക്തനായി എന്നുമാണ് പത്മകുമാർ പറഞ്ഞത്. പുതിയ മൊഴി ലഭിച്ചാലുടൻ കടകംപള്ളിയെ ചോദ്യം ചെയ്തേക്കും.
ശബരിമലയിൽ സ്പോൺസറാകാൻ ഉണ്ണികൃഷ്ണൻ പോറ്റി സമീപിച്ച ആളുകളെക്കുറിച്ച് പത്മകുമാർ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. ശ്രീകോവിലിൽ വെച്ച് സ്വർണ്ണം പൂശുന്ന ജോലികൾ ചെയ്യാൻ കഴിയാത്തതിനാലാണ് നിയമ വിരുദ്ധമായി ക്ഷേത്രത്തിൽ നിന്ന് ഇവ പുറത്തെടുക്കാൻ അനുമതി നൽകിയതെന്നും ശരിയായ തൂക്കവും അളവും എടുത്തതിനുശേഷം മാത്രമേ ഉദ്യോഗസ്ഥർക്ക് അത് എടുക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളൂവെന്നും പത്മകുമാർ പറഞ്ഞു.
മുൻ ഭരണകാലത്ത് ക്ലാഡിംഗ് ജോലികളും പുറത്ത് നടത്തിയിരുന്നതായും പത്മകുമാർ വിശദീകരിച്ചു. കേസിൽ ഇന്ന് വൈകുന്നേരം കൊല്ലം കോടതിയിൽ പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ഹാജരാക്കും.
അതേസമയം, ശബരിമലയിൽ നടന്നത് മോഷണമാണെന്ന് പത്മകുമാർ ഇതുവരെ സമ്മതിച്ചിട്ടില്ല. ശബരിമല ശ്രീകോവിൽ പുതുക്കിപ്പണിയാൻ നടപടികൾ സ്വീകരിച്ചുവെന്നും മോഷ്ടിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം നൽകിയിട്ടില്ലെന്നുമാണ് പത്മകുമാറിന്റെ നിലപാട്.

