ആലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാൻ ആസൂത്രണം ചെയ്ത നീക്കമാണ് മാസപ്പടി കേസെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യവെയാണ് പിണറായിയുടെ പ്രസ്താവന . തനിക്കെതിരെയും മകൾക്കെതിരെയും സ്വീകരിച്ച നടപടികൾ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ എക്സാലോജിക് കേസ് എൽഡിഎഫിനെതിരായ നീക്കമാണ്. വീണയ്ക്കെതിരായ മാസപ്പടി കേസ് ഫയൽ ചെയ്തത് യഥാർത്ഥത്തിൽ വീണയുടെ അച്ഛനെ ലക്ഷ്യമിട്ടുകൊണ്ടാണ്. ഇത്തരം എത്രയോ സംഭവങ്ങൾ ഞാൻ കണ്ടിട്ടുണ്ടെന്ന് അവർക്ക് അറിയില്ല.വിവാദമായ കരാർ ഒപ്പിട്ടത് വീണയുടെ വിവാഹത്തിന് മുമ്പാണ്. അതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. എന്നെ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ കോൺഗ്രസ് ബിജെപിയുമായി കൈകോർത്തിരിക്കുന്നു. രാഷ്ട്രീയ പ്രേരിതമായ ഏത് നീക്കത്തെയും ഞങ്ങൾ ശക്തമായി ചെറുക്കും‘
തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു; പുറത്തുവരുന്ന പുതിയ വിവരങ്ങൾ ജനാധിപത്യത്തിന് നല്ലതല്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ തീരുമാനങ്ങളാക്കി മാറ്റുകയാണ്. ഏകപക്ഷീയമായ നിലപാടുകളാണ് സ്വീകരിക്കുന്നത്.
പ്രതിഷേധങ്ങൾ ശക്തമാകുമെന്ന് ഉറപ്പാണ്. സെൻസസ് നടപടികൾ സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നു. കേരളം വ്യത്യസ്തമായ ഒരു സംസ്ഥാനമായിരുന്നു. കേന്ദ്രത്തിന്റെ നയങ്ങൾക്ക് ബദലായ നയങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ സർക്കാരിന്റെ സഹായത്തോടെ കേന്ദ്രം ആർഎസ്എസ് നയങ്ങൾ നടപ്പിലാക്കുകയാണ്.“ എന്നും പിണറായി ആരോപിച്ചു.

