പത്തനംതിട്ട: ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും സർക്കാർ എന്ത് വിലകൊടുത്തും അത് തടയുമെന്നും മന്ത്രി കെ മുരളീധരൻ . കൊടികളും, ബാനറുകളും കെട്ടിയുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. ഇതിനെ എതിർത്ത് ഡി വൈ എഫ് ഐ അടക്കം രംഗത്ത് വന്നിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും സർക്കാർ നയം വ്യക്തമാക്കി മുരളീധരൻ രംഗത്തെത്തിയത്.
‘ ഇതാണ് യുഡിഎഫ് സർക്കാരിന്റെ നയം. ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചണുകൾ വഴി മാത്രമേ നടത്താവൂ . ഇതിനായി സന്നദ്ധ സംഘടനകളുമായി സർക്കാർ ഉടൻ ചർച്ച നടത്തും. ഡിവൈഎഫ്ഐക്ക് മാത്രമല്ല, യൂത്ത് കോൺഗ്രസ്, സേവാഭാരതി എന്നിവയുൾപ്പെടെ എല്ലാ രാഷ്ട്രീയ സംഘടനകൾക്കും ഈ നിയന്ത്രണം ഒരുപോലെ ബാധകമാണെന്നും ‘ കെ മുരളീധരൻ പറഞ്ഞു.
ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യുമ്പോൾ ബാനറുകളും പാർട്ടി പതാകകളും പ്രദർശിപ്പിക്കരുതെന്ന് മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിനായി കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കാനുള്ള പദ്ധതികളുണ്ടെന്നും ആലപ്പുഴ മെഡിക്കൽ കോളേജിലാണ് പദ്ധതി ആദ്യം ആരംഭിക്കുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

