ചെന്നൈ : മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിമാന യാത്ര തടസ്സപ്പെട്ട സാഹചര്യത്തിൽ, നൂറുകണക്കിന് ഇന്ത്യക്കാരാണ് യുഎ ഇയിൽ അടക്കം കുടുങ്ങിക്കിടക്കുന്നത് . ഇപ്പോൾ ഇവരെ സഹായിക്കാനായി യുവ ഇന്ത്യൻ വ്യവസായി മുന്നോട്ട് വന്നിരിക്കുകയാണ് .
രാജസ്ഥാനിലെ മെർട്ട സിറ്റി സ്വദേശിയായ ധീരജ് ജെയിനാണ് അജ്മാനിലെ തന്റെ ഫാംഹൗസ് താൽക്കാലിക ഷെൽട്ടറാക്കി മാറ്റി ഇന്ത്യക്കാരെ പാർപ്പിക്കുന്നത് . വിമാന സർവീസുകൾ പെട്ടെന്ന് നിർത്തിവയ്ക്കുകയും ഹോട്ടൽ ബുക്കിംഗുകൾ റദ്ദാക്കുകയും ചെയ്തതോടെ യുഎഇയിലെ ഇന്ത്യൻ യാത്രക്കാർ എങ്ങോട്ടും പോകാൻ കഴിയാതെ കുടുങ്ങി.
11 വർഷത്തിലേറെയായി യുഎഇയിൽ റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ധീരജ് ജെയിൻ, തന്റെ ഫാം ഹൗസ് തുറന്ന് ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി നൽകി. ഫാം ഹൗസിൽ താമസിക്കാനെത്തിയ എല്ലാവർക്കും ഗുണനിലവാരമുള്ള ഭക്ഷണവും താമസ സൗകര്യങ്ങളും അദ്ദേഹം ഉറപ്പാക്കി.
ദുബായിലും പരിസര പ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം 11 വാഹനങ്ങളും വിട്ടു നൽകി. നിലവിൽ, നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ഏകദേശം 200 ഇന്ത്യക്കാർ അദ്ദേഹത്തിന്റെ ഫാം ഹൗസിൽ താമസിക്കുന്നുണ്ട്.
യുദ്ധം ആരംഭിക്കുന്ന സമയത്ത് ധീരജ് ജെയിനിന് ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷേ സഹായം ആവശ്യമുള്ളവരെ പിന്തുണയ്ക്കാൻ അദ്ദേഹം ദുബായിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. “ഇന്ത്യയിലുള്ള എന്റെ കുടുംബം ആശങ്കാകുലരായിരുന്നു, പക്ഷേ ഇവിടെ എന്റെ നാട്ടുകാരെ സേവിക്കുക എന്നതാണ് എന്റെ പ്രഥമ കടമയെന്ന് എനിക്ക് തോന്നി.” ധീരജ് പറയുന്നു. ഇപ്പോൾ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരിൽ നിന്നും സഹായത്തിനായുള്ള അഭ്യർത്ഥനകൾ വരുന്നുവെന്നും ധീരജ് പറഞ്ഞു.

