പത്തനംതിട്ട : ശബരിമലയിലെ പഴയ കൊടിമരം മാറ്റിസ്ഥാപിച്ചത് ദേവപ്രശ്നം അനുസരിച്ചാണെന്ന് റിപ്പോർട്ടുകൾ. കൊടിമരം മോശം അവസ്ഥയിലാണെന്നും അനധികൃതമായി പെയിന്റ് ചെയ്തിട്ടുണ്ടെന്നും ദേവപ്രശ്നത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ കൊടിമരം സ്ഥാപിച്ചത് . ഇത് തെളിയിക്കുന്ന ദേവപ്രശ്ന വിശദാംശങ്ങളും പുറത്തുവന്നു. കൊടിമരത്തിന്റെ മുകളിലുള്ള പൂശൽ പ്രക്രിയ അശുഭകരമായി കണക്കാക്കപ്പെടുന്നതായി ദേവപ്രശ്നത്തിൽ പറയുന്നു. കേടുപാടുകൾ സംഭവിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും അതിനാൽ, പുതിയ മരക്കൊടിമരം സ്ഥാപിക്കണമെന്നും ദേവപ്രശ്നത്തിൽ നിർദ്ദേശിച്ചിരുന്നു.
ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേവപ്രശ്നം. 2014 ജൂൺ 18 നാണ് ദേവപ്രശ്നം നടന്നത്. അന്നത്തെ യുഡിഎഫ് സർക്കാർ നിയമിച്ച എം പി ഗോവിന്ദൻ നായർ പ്രസിഡന്റായിട്ടുള്ള ബോർഡാണ് അന്ന് ഉണ്ടായിരുന്നത്. 2017 ഫെബ്രുവരിയിൽ കൊടിമരം മാറ്റിസ്ഥാപിച്ചു. അന്ന് കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണനായിരുന്നു ബോർഡിന്റെ പ്രസിഡന്റ്. തുടർന്ന് കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറി.
2012 സെപ്റ്റംബർ 17 ന് ദേവസ്വം കമ്മീഷണർ ക്ഷേത്രങ്ങളിലെ പഴയ വസ്തുക്കൾ ദേവസ്വത്തിന്റെ സ്വത്തായി സൂക്ഷിക്കണമെന്നും അവ എടുത്തുകൊണ്ടുപോകാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് ദേവസ്വം ബോർഡ് അംഗീകരിച്ചു. എന്നാൽ 2017 ൽ, ഇത് മറികടന്ന്, ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും സംയുക്തമായി വാജി വാഹനം തന്ത്രിക്ക് കൈമാറി. തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പഞ്ചലോഹത്തിൽ നിർമ്മിച്ചതും തങ്കത്തിൽ പൊതിഞ്ഞതുമായ 11 കിലോഗ്രാം വാജി വാഹനം പിടിച്ചെടുത്തത്.

