ഭോപ്പാലിൽ തൂങ്ങി മരിച്ച നിലയിൽ സൈനികനെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം . കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഭോപ്പാൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജ് മുറിയിൽ സൈനികൻ നിദർശ് (36) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .ഒരു മാസത്തെ അവധിക്ക് ശേഷം മെയ് 1 നാണ് നിദർശ് ഭോപ്പാലിലെ ക്യാമ്പിലേക്ക് പോയത്.
ഭാര്യ മിഥുനയും മക്കളായ അർജുൻ ദർശ് (7), അഗ്രജ് ദർശ് (3) എന്നിവരും ചേർന്നാണ് അദ്ദേഹത്തെ യാത്രയാക്കിയത്. ശനിയാഴ്ച നിദർശിന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ, ബന്ധുക്കൾ ക്യാമ്പിലെ നിദർശിന്റെ പരിചയക്കാരായ മറ്റ് സൈനികരെ വിളിച്ച് അന്വേഷിച്ചു.
തിരച്ചിലിനിടെ, റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഒരു ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . ബന്ധുക്കളും നാട്ടുകാരും ഭോപ്പാലിലെത്തി പോലീസിലും സൈനിക ക്യാമ്പിലും പരാതി നൽകി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
നാളെ വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. “നിദാർശ് ആത്മഹത്യ ചെയ്തതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണം,” എന്നാണ് കുടുംബത്തിന്റെ ആവശ്യം .വ്യവസായി സുദർശന്റെയും വിരമിച്ച കോടതി ജീവനക്കാരിയായ നിർമ്മലയുടെയും ഇളയ മകനാണ് നിദാർശ് . സഹോദരൻ ആദർശ് .

