ഫിലാഡൽഫിയ: 37 ഡിഗ്രി ചൂടിൽ ഫ്രാൻസിനെ കായികമായി എതിരിട്ട് പ്രതിരോധിക്കാമെന്ന പാരഗ്വയൻ സ്വപ്നം പൊലിഞ്ഞു. കളി കൈയ്യാങ്കളിക്ക് വഴിമാറിയ പ്രീക്വാർട്ടർ മത്സരത്തിൽ പാരഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടറിൽ കടന്നു. നായകൻ കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ ഗോൾ സ്കോറർ.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഫ്രഞ്ച് പട നിരന്തരം പാരഗ്വയൻ ഗോൾ മുഖത്ത് പ്രകമ്പനങ്ങൾ തീർത്തു. എന്നാൽ ഫിലാഡൽഫിയയിലെ പതിവിൽ കവിഞ്ഞ ചൂടും, പാരഗ്വയൻ താരങ്ങളുടെ പരുക്കൻ ഫൗളുകളും ഫ്രാൻസിനെ പതിയെ തളർത്താൻ തുടങ്ങി. ആക്രമണം പ്രതിരോധത്തിന് വഴിമാറിയപ്പോൾ, ഒന്നാം പകുതിയിൽ ഗോൾ അകന്ന് നിന്നു.
മത്സരത്തിന്റെ 70 ാം മിനിറ്റിൽ പാരഗ്വയൻ മിഡ് ഫീൽഡർ ഡിയേഗോ ഗോമസിന്റെ ഫൗളിൽ അനുവദിച്ച പെനാൽറ്റി എംബാപ്പെ ഗോളാക്കി മാറ്റിയതോടെ ഫ്രാൻസ് ആത്മവിശ്വാസം വീണ്ടെടുത്തു. ഗോൾ മടക്കാനുള്ള പാരഗ്വായുടെ എല്ലാ ശ്രമങ്ങളും ഫ്രഞ്ച് പ്രതിരോധക്കോട്ടയിൽ തട്ടി തകർന്നു. പ്രകോപനങ്ങളെയും ഫ്രാൻസ് സമചിത്തതയോടെ നേരിട്ടതോടെ, മത്സരത്തിന്റെ ഫലവും നിർണയിക്കപ്പെട്ടു. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ.

