ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ കാനഡയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് തകർത്ത് മൊറോക്കോ. ഇരു ടീമുകളും മികച്ച പോരാട്ടം കാഴ്ചവെച്ച ഒന്നാം പകുതിയിൽ കാനഡക്കായിരുന്നു മുൻതൂക്കം. രണ്ടാം പകുതിയിൽ ഫ്രീ കിക്കിൽ നിന്നുമാണ് മൊറോക്കോയുടെ ആദ്യ ഗോൾ പിറന്നത്. അച്റഫ് ഹക്കീമി നൽകിയ ക്രോസ് അസദിൻ ഔനാഹി ഗോളാക്കി മാറ്റുകയായിരുന്നു.
തുടർന്ന് കാനഡ സമനില പിടിക്കാൻ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും മൊറോക്കോ ശക്തമായ പ്രതിരോധം തീർത്തു. ഇതിനിടെ ഇബ്രാഹിം ഡിയാസിൽനിന്നു പന്തു ലഭിച്ച അസദിൻ ഔനാഹി കനേഡിയൻ പ്രതിരോധത്തെ മറികടന്ന് മൊറോക്കോയുടെ രണ്ടാം ഗോൾ കണ്ടെത്തി. കാനഡയുടെ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റിൽ സുഫിയാൻ റഹിമിനെ മൊറോക്കോയുടെ മൂന്നാം ഗോളും വലയിലെത്തിച്ചു.
റഫറിയുടെ അവസാന വിസിൽ മുഴങ്ങിയതോടെ ആതിഥേയർ കൂടിയായ കാനഡ ലോകകപ്പിൽ നിന്നും പുറത്തായി. ക്വാർട്ടറിൽ ഫ്രാൻസാണ് മൊറോക്കോയുടെ എതിരാളികൾ.

