സൂററ്റ് : സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച 49 കാരനെ കൈകാര്യം ചെയ്ത് നാട്ടുകാർ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം . മുഹമ്മദ് അസീസിനെയാണ് നാട്ടുകാർ മർദ്ദിച്ചത് . പെൺകുട്ടി ട്യൂഷൻ ക്ലാസിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം .
രാത്രി 8:15 ഓടെ അറ്റ്ലാന്റ മാളിന് സമീപത്ത് വച്ചാണ് മുഹമ്മദ് അസീസ് പെൺകുട്ടിയെ കടന്ന് പിടിച്ചത്. പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി മുഹമ്മദ് അസീസിനെ കൈയോടെ പിടികൂടി. തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം ഇയാളെ മർദ്ദിക്കാൻ തുടങ്ങി
സംഭവത്തെത്തുടർന്ന്, പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു, പീഡന വാർത്ത പരന്നതോടെ അയ്യായ്യിരത്തോളം പേർ പ്രദേശത്ത് തടിച്ചുകൂടി. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് വാഹനം എത്തിയപ്പോൾ, ജനക്കൂട്ടം അയാളെ വാനിൽ നിന്ന് വലിച്ചിറക്കി വീണ്ടും മർദ്ദിച്ചു. വളരെ പ്രയാസപ്പെട്ടാണ് ജനക്കൂട്ടത്തിൽ നിന്ന് പ്രതിയെ രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷന് പുറത്തും, പ്രതിയ്ക്ക് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ആളുകൾ മുദ്രാവാക്യം വിളിച്ചെത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്ഥലത്ത് പോലീസുകാരെ വിന്യസിച്ചു.

