കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതി ഡോ.എം.കെ.റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അതിനിടെ, രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ വാദം ഇന്നലെ പൂർത്തിയായി.
വകുപ്പ് മേധാവി ഡോ.എം.കെ.റാം ജാതിയുടെയും നിറത്തിൻ്റെയും പേരിൽ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മരണത്തിന് മുമ്പ് നിതിൻ അറിയിച്ചിരുന്നതായി കുടുംബം കോടതിയെ അറിയിച്ചു. ഇൻ്റേണൽ മാർക്കുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടെന്നും കുടുംബം ആരോപിച്ചു.
സംഭവ ദിവസം ഉച്ചയ്ക്ക് ഒരു മണി മുതൽ 1.10 വരെ പ്രിൻസിപ്പലിൻ്റെ ക്യാബിനിൽ നിതിൻ ഉണ്ടായിരുന്നുവെന്നും ആ സമയം ഡോക്ടർ റാം അവിടെ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. ലോൺ ആപ്പിൻ്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നും ജാതി വിവേചനമില്ലെന്നും മറ്റു ചില വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി.
‘നിതിൻ സഹതാപത്തിന് വേണ്ടിയാണ് ചാടിയത്’ എന്ന് ഡോക്ടർ റാം പറയുന്നത് കേട്ടതായി നിഥിൻ്റെ സഹപാഠി പറഞ്ഞിരുന്നു. റാമുമായുള്ള പ്രശ്നങ്ങൾ നിതിൻ പ്രിൻസിപ്പലിന് മുന്നിൽ തുറന്ന് പറഞ്ഞിരുന്നതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഡോ റാം ഒബിസി വിഭാഗത്തിൽ പെട്ടയാളാണ്. അതിനാൽ എസ്സി/എസ്ടി നിയമം ബാധകമല്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ അതിനുമുകളിലാണ് ഒരു വിദ്യാർത്ഥിയുടെ ജീവിക്കാനുള്ള അവകാശമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

