കണ്ണൂർ : പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെയാണ് ഭർത്താവ് രാജേഷ് വെട്ടിക്കൊന്നത് . മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അച്ഛൻ വാസുവിനും പരിക്കേറ്റു.
രാജേഷുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു ദിവ്യശ്രീ . ഇന്ന് വൈകിട്ട് 6 മണിയോടെ ദിവ്യശ്രീയുടെ വീട്ടിൽ എത്തി രാജേഷ് ആക്രമണം നടത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ രാജേഷ് പിന്തുടർന്ന് കഴുത്തിലും , മുഖത്തും വെട്ടി. തടയാനെത്തിയ വാസുവിന്റെ കൈയ്ക്കും ,വയറിനുമാണ് വെട്ടേറ്റത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു.ദിവ്യശ്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വാസു. രാജേഷിന്റെയും , ദിവ്യയുടെയും വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലാണ്.