പത്തനംതിട്ട: ശബരിമല തീർത്ഥാടനകാലത്ത് സന്നിധാനത്തേക്ക് നിയോഗിച്ചിരുന്ന എല്ലാ ദിവസവേതന തൊഴിലാളികളുടെയും അക്കൗണ്ട് വിവരങ്ങൾ ദേവസ്വം വിജിലൻസ് പരിശോധിക്കും. കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്ത് സന്നിധാനത്തേക്ക് നിയോഗിച്ചിരുന്ന ദിവസവേതന തൊഴിലാളികൾ നിരവധി തവണ വീട്ടിലേക്ക് വലിയ തുക അയച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തീർത്ഥാടനകാലം കഴിഞ്ഞപ്പോൾ ദേവസ്വം ബോർഡ് ദിവസവേതന തൊഴിലാളികൾക്ക് നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുകയായിരുന്നു പതിവ്.
എന്നാൽ അതിനുമുമ്പ് അക്കൗണ്ടുകളിൽ വലിയ തുക എത്തിയിട്ടുണ്ടെങ്കിൽ പണത്തിന്റെ ഉറവിടം ദേവസ്വം വിജിലൻസ് അന്വേഷിക്കും. ശബരിമല തീർത്ഥാടനകാലത്ത്, പോലീസ് പരിശോധനയ്ക്ക് ശേഷം ധാരാളം താൽക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാറുണ്ട് . ശബരിമല ഇവിടെ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് വഴി ദിവസവേതന തൊഴിലാളികൾ അവരുടെ വീടുകളിലേക്കും സുഹൃത്തുക്കൾക്കും വലിയ തുക അയച്ചതായി വിജിലൻസിന് വിവരം ലഭിച്ചു. തൊഴിലാളികൾ കൊണ്ടുവന്ന പണത്തിൽ വലിയ അളവിൽ ഭസ്മം കലർന്നതായി കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ ദേവസ്വം വിജിലൻസിനെ വിവരമറിയിച്ചു. .
ഇതിനിടെ, ചില താൽക്കാലിക ജീവനക്കാരുടെ കൈകളിൽ നിന്ന് അനധികൃതമായി സമ്പാദിച്ച പണം ദേവസ്വം വിജിലൻസ് പിടിച്ചെടുത്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്.

