കൊച്ചി : ഓസ്ട്രേലിയ സന്ദർശിക്കാൻ വിസ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്ന് നടൻ മോഹൻലാലിന്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റിവച്ചു. പരിപാടിയ്ക്കായി ഗായിക കെ.എസ്. ചിത്ര, നടൻ മനോജ് കെ. ജയൻ തുടങ്ങിയവരടക്കം ഓസ്ട്രേലിയയിൽ എത്തിയിരുന്നു . മാറ്റിവച്ച ഷോ മറ്റൊരു ദിവസം നടത്തുമെന്ന് മോഹൻലാൽ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഓസ്ട്രേലിയൻ വിസയുമായി ബന്ധപ്പെട്ട കർശന വ്യവസ്ഥകളും, സാങ്കേതിക തടസങ്ങളുമാണ് മോഹൻലാലിന് വിനയായതെന്നാണ് വിവരം. അവസാന നിമിഷം വരെ വിസ പ്രതിസന്ധി പരിഹരിക്കാൻ സംഘാടകർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വിസ ലഭിക്കാത്തതിനെ തുടർന്ന് ആരാധകരോട് ക്ഷമ പറഞ്ഞ് വീഡിയോയും മോഹൻലാൽ പങ്ക് വച്ചു.
“പ്രിയ സുഹൃത്തുക്കളെ, ഞാൻ സിംഗപ്പൂരിൽ നിന്നാണ് സംസാരിക്കുന്നത്. ഞാൻ വളരെ സങ്കടകരമായ അവസ്ഥയിലാണ്. ഞാൻ നിരവധി ഷോകൾ ചെയ്തിട്ടുണ്ട്. ഈ വർഷം തന്നെ പല രാജ്യങ്ങളിലും ഞാൻ ഷോകൾ ചെയ്തിട്ടുണ്ട്. ഇത്തരമൊരു സംഭവം എന്റെ ജീവിതത്തിൽ ആദ്യമാണ്. എനിക്ക് വിസ ലഭിച്ചില്ല. സംഭവിച്ചതിന് ഞാൻ കുറ്റം ഏറ്റെടുക്കുന്നു, ഞാൻ ക്ഷമ ചോദിക്കുന്നു. എല്ലാവരും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു, പക്ഷേ ഇപ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ല,” മോഹൻലാൽ പറഞ്ഞു . ഷോയുടെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. .

