തിരുവനന്തപുരം ; മെഡിക്കൽ റെപ്രസന്റേറ്റീവായ ബി . മിഥുൻ ജീവനൊടുക്കിയതിനു പിന്നിൽ മേലുദ്യോഗസ്ഥരുടെ മാനസികപീഡനമെന്ന് കുടുംബം. ടാർഗറ്റിന്റെ പേരിൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. ജോലി രാജിവയ്ക്കാനൊരുങ്ങിയപ്പോൾ ഭീഷണിപ്പെടുത്തി. മിഥുന്റെ മരണത്തിനു കാരണക്കാരായ സ്വകാര്യ ആയുർവേദ മരുന്ന് കമ്പനിയ്ക്കും അവിടുത്തെ ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു.
ബുധനാഴ്ച്ച പുലർച്ചെയാണ് പൂജപ്പുര തമ്മലം സ്വദേശിയായ മിഥുനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ മിഥുന്റെ പിതാവ് ബിജു അടക്കമുള്ളവർ പൂജപ്പുര പൊലീസിൽ മൊഴി നൽകി. ജോലിയിലെ കടുത്ത സമ്മർദ്ദം മിഥുൻ നേരത്തെ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. രാജിവയ്ക്കാനുള്ള തീരുമാനത്തിന് കുടുംബം പിന്തുണയും അറിയിച്ചിരുന്നു. ഇതിനിടെ 14 ന് ആയുർവേദകമ്പനിയിലെ ചില ഉദ്യോഗസ്ഥരിൽ ചിലർ മിഥുനെ തമ്പാനൂരിലെ ഹോട്ടലിൽ വിളിച്ചു വരുത്തി അധിക്ഷേപിച്ചിരുന്നു.
ജോലി രാജി വയ്ക്കുകയാണെന്ന് അറിയിച്ചപ്പോൾ മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സെയിൽസ് മാനേജർമാർ ഭീഷണിപ്പെടുത്തിയതായി മുത്തച്ഛൻ ജഗതി രാജൻ ആരോപിച്ചു.പിറ്റേന്ന് പുലർച്ചെയാണ് മിഥുൻ ജീവനൊടുക്കിയത്. മിഥുന്റെ ആത്മഹത്യക്കുറിപ്പിലും 14ന് നടന്ന സംഭവത്തെക്കുറിച്ച് പരാമർശമുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഇതിന്റെ പകർപ്പും കുടുംബം പുറത്ത് വിട്ടു.

