പാലക്കാട്: ചിറ്റൂരിൽ നിന്ന് ഇന്നലെ കാണാതായ ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീട്ടിൽ നിന്ന് 100 മീറ്റർ അകലെ കുളത്തിന്റെ നടുവിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം . കുളത്തിന് ചുറ്റുമുള്ള പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്ന നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. 21 മണിക്കൂർ നീണ്ട തിരച്ചിലിനു ശേഷമാണ് ദുഃഖകരമായ വാർത്ത എത്തിയത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനുമായി വീട്ടിൽ ഇരുന്ന് സിനിമ കാണുകയായിരുന്ന സുഹാൻ ഇടയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. കുറച്ചുനേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
ഏറെ നേരം പരിസരത്ത് തിരഞ്ഞിട്ടും കണ്ടെത്താനാകാതെ വന്നതോടെ ഫയർഫോഴ്സ് സ്കൂബ സംഘം എത്തി രാത്രി വരെ പ്രദേശത്തെ കുളങ്ങളിൽ തിരച്ചിൽ നടത്തി. പാലക്കാട് നിന്നുള്ള ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രി 8 മണി വരെ കണ്ടെത്താനായില്ല.രാത്രി വൈകിയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അച്ഛൻ അനസ് വിദേശത്താണ് . അമ്മ നീലഗിരി പബ്ലിക് സ്കൂളിൽ അധ്യാപികയാണ്.
അതേസമയം കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചിറ്റൂർ- തത്തമംഗലം മുനിസിപ്പാലിറ്റി ചെയർമാൻ സുമേഷ് അച്യുതൻ പറഞ്ഞു . കുളം റോഡിനോട് ചേർന്നാണെങ്കിലും, കുട്ടി വീട്ടിൽ നിന്ന് 800 മീറ്റർ അകലെ വരെ തനിച്ച് വരില്ല. വീട്ടിൽ നിന്ന് പുറത്തുപോകുന്ന കുട്ടിയല്ലാത്തതിനാൽ ഇത്രയും ദൂരം പോകുമായിരുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. നടക്കുമ്പോൾ ഈ കുളത്തിൽ വീഴാനുള്ള സാധ്യതയില്ല. റോഡിനോട് ചേർന്ന് ഒരു കനാലും അതിനപ്പുറം ഒരു ചെറിയ കരയുമുണ്ട്. ഈ ഭാഗത്തേക്ക് എത്താൻ ഒരു ചെറിയ നടപ്പാത മാത്രമേയുള്ളൂ.
ഇന്നലെ ഈ കുളത്തിന് 100 മീറ്റർ മാത്രം അകലെ വരെ ഡോഗ് സ്ക്വാഡ് എത്തിയിരുന്നു. കുളത്തിൽ വീഴാനുള്ള സാധ്യത നാട്ടുകാരും തള്ളിക്കളയുന്നു. താഴേക്ക് ഇറങ്ങിയാൽ മാത്രമേ വെള്ളത്തിലെത്താൻ കഴിയൂ. ഇന്നലെ വൈകുന്നേരവും ആളുകൾ കുളിക്കാൻ ഈ കുളത്തിൽ എത്തിയിരുന്നു.

