മുംബൈ : നടി ജാൻവി കപൂറിനെ ബോഡി ഷെയിമിംഗ് നടത്തിയ യൂട്യൂബർ ധ്രുവ് റാഠിയ്ക്കെതിരെ വിമർശനം. റാഠിയെ രാജ്യദ്രോഹിയെന്നാണ് കണ്ടന്റ് ക്രിയേറ്റർ ഒറി വിശേഷിപ്പിച്ചത്. നടിയുടെ സൗന്ദര്യത്തെ വിമർശിച്ചായിരുന്നു ധ്രുവ് റാഠിയുടെ വീഡിയോ. കഴിഞ്ഞ ദിവസം ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയതിനെതിരെ ജാൻവി കപൂർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വച്ചിരുന്നു . അതിനു പിന്നാലെയാണ് ധ്രുവ് റാഠിയുടെ സൗന്ദര്യ വിമർശനം.
‘ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിലെ വ്യാജസുന്ദരി’ എന്ന പേരിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജാൻവി കപൂർ, ബിപാഷ ബസു, ശ്രുതി ഹാസൻ, ദീപികാ പദുക്കോൺ, ശിൽപ്പാ ഷെട്ടി, പ്രിയങ്കാ ചോപ്ര തുടങ്ങിയ നടിമാർക്കെതിരെ ധ്രുവ് റാഠി വിമർശനം ഉന്നയിച്ചത്.
വീഡിയോയുടെ തംബ്നെയിലിൽ ജാൻവി കപൂറിന്റെ പഴയ ഫോട്ടോകളും ധ്രുവ് ഉപയോഗിച്ചതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബംഗ്ലാദേശി ഹിന്ദുക്കളെ പിന്തുണച്ചുകൊണ്ട് ജാൻവിയുടെ സമീപകാല പോസ്റ്റിനുള്ള പ്രതികരണമാണ് വീഡിയോയെന്ന് ചില ഉപയോക്താക്കൾ അവകാശപ്പെട്ടതോടെ പ്രതിഷേധം ശക്തമായി.
“ഹിന്ദുക്കളേ, ഉണരൂ. ജാൻവി കപൂർ ഒരു ബംഗ്ലാദേശി ഹിന്ദുവിനെക്കുറിച്ച് പോസ്റ്റ് ചെയ്തു, പിന്നാലെ ധ്രുവ് റാഠി ജാൻവിയുടെ സൗന്ദര്യത്തെ ചോദ്യം ചെയ്ത് വീഡിയോ നിർമ്മിച്ചു” എന്നാണ് കമന്റുകൾ. ‘ഇയാൾ ആരാണെന്ന് പോലും അവൾക്ക് അറിയുകയുണ്ടാകില്ല’ എന്ന് ഒറി, ജാൻവിയെ പിന്തുണച്ചുകൊണ്ട് പറഞ്ഞു. ശ്രദ്ധ നേടാനാണ് ധ്രുവ് ഇത്തരം വീഡിയോകൾ നിർമിക്കുന്നതെന്നും ഒറി പറഞ്ഞു.
‘ഒരുപാട് ഫോളോവർമാരുണ്ടെങ്കിലും, റെയിൽവേ സ്റ്റേഷനിൽ പപ്പടം കിട്ടിയില്ല എന്ന് പരാതി പറയുന്ന രാജ്യദ്രോഹിയെന്ന നിലയിലാണ് എനിക്ക് ഇയാളെ അറിയുന്നത്.’ -ഇതാണ് മറ്റൊരു കമന്റിൽ ഒറി കുറിച്ചത്.

