തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള എൻസിഇആർടിയുടെ തീരുമാനത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികൾക്കിടയിൽ സംവേദനക്ഷമതയും ധാരണയും വളർത്തുന്ന ഇംഗ്ലീഷ് തലക്കെട്ടുകൾക്ക് പകരം ‘മൃദംഗം’, ‘സന്തൂർ’ തുടങ്ങിയ ഹിന്ദി തലക്കെട്ടുകൾ നൽകുന്നത് അനുചിതമാണെന്നാണ് ശിവൻ കുട്ടിയുടെ പ്രസ്താവന .
ഭാഷാ വൈവിധ്യം സംരക്ഷിക്കുന്നതിനും പ്രാദേശിക സാംസ്കാരിക സ്വയംഭരണത്തിന് മുൻഗണന നൽകുന്നതിനുമുള്ള കേരളത്തിൻ്റെ പ്രതിബദ്ധതയ്ക്ക് വിരുദ്ധമാണ് ഈ മാറ്റം. നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിൻ്റെ തീരുമാനം ഫെഡറൽ തത്വങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും തകർക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.പാഠപുസ്തക ശീർഷകങ്ങൾ, കേവലം ലേബലുകളല്ല അവ വിദ്യാർത്ഥികളുടെ ധാരണകളും ഭാവനയും രൂപപ്പെടുത്തുന്നു. അതിനാൽ, ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് അവരുടെ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് തലക്കെട്ടുകൾ ഉണ്ടായിരിക്കണം.
പുതിയ തീരുമാനം എൻസിഇആർടി പുനഃപരിശോധിക്കുകയും പിൻവലിക്കുകയും വേണം. ഇത്തരം അടിച്ചേൽപ്പിക്കലുകൾക്കെതിരെ എല്ലാ സംസ്ഥാനങ്ങളും ഒന്നിക്കണം . വിദ്യാഭ്യാസം, ശാക്തീകരണത്തിനും സമവായത്തിനുമുള്ള ഉപകരണമാകണം, അടിച്ചേൽപ്പിക്കാനുള്ള ഉപകരണമാകരുതെന്നും മന്ത്രി പറഞ്ഞു.

