പാലക്കാട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസ്സുകാരൻ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ സ്വാബ് പരിശോധനയുടെ ഫലം പോസിറ്റീവായിരുന്നു. പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ശവസംസ്കാരം നടത്തുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചു . വെള്ളിയാഴ്ച്ചയാണ് ഇയാളെ പനിയും, ശ്വാസതടസവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ശനിയാഴ്ച്ച വൈകിട്ടോടെയായിരുന്നു മരണം . മരിച്ചയാളുടെ വീടിനു 3 കിലോമീറ്റർ ചുറ്റളവിൽ ആരോഗ്യ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഇവിടം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചേക്കും.
അതേസമയം നിപ്പ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ എണ്ണം കുറയുന്നുണ്ട്. നിലവിൽ 497 പേരാണുള്ളത് . സംസ്ഥാനത്താകെ 14 പേർ ഹൈയസ്റ്റ് റിസ്കിലും, 82 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

