കൊച്ചി : മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണ് മരിച്ചത് .വടക്കേക്കോട്ടയ്ക്ക് സമീപമുള്ള മെട്രോ ട്രാക്കിൽ നിന്നാണ് നിസാർ താഴേയ്ക്ക് ചാടിയത് . ഉടൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. വടക്കേകോട്ടയിൽ നിന്ന് ടിക്കറ്റ് എടുത്ത ശേഷമാണ് നിസാർ പ്ലാറ്റ്ഫോമിൽ പ്രവേശിച്ചത് . തുടർന്ന് പ്ലാറ്റ്ഫോമും മറികടന്ന് പുറത്തേയ്ക്ക് ഓടുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ എമർജൻസി ട്രിപ്പ് സ്വിച്ച് ഓൺ ചെയ്ത് സുരക്ഷ ഉറപ്പാക്കാൻവൈദ്യുതി ഓഫാക്കി.മുതിർന്ന ഉദ്യോഗസ്ഥരെയും പോലീസിനെയും ഫയർഫോഴ്സിനെയും ഉടനടി അറിയിച്ചു.
ട്രെയിനുകളുടെ ഓട്ടം നിർത്തുകയും ചെയ്തു. ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. താഴേയ്ക്ക് ചാടിയാൽ പിടിക്കാൻ അഗ്നിശമനസേന വല സജ്ജമാക്കിയെങ്കിലും അതിന് അപ്പുറത്ത് നിന്ന് നിസാർ ചാടുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.

