കൊച്ചി: മാജിക് മഷ്രൂമിനെ എൻഡിപിഎസ് നിയമപ്രകാരം നിരോധിത ലഹരി വസ്തുവായി കാണാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രകൃതിദത്തമായി ഉണ്ടാകുന്ന ഫംഗസ് ഇനത്തിൽ പെട്ട വസ്തുക്കളാണ് കൂണുകൾ. അതിനാൽ ഇവ കൈവശം വെക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി.
മയക്കുമരുന്ന് കൈവശം വെച്ചതിന് 90 ദിവസമായി ജയിലിൽ കഴിയുന്ന വ്യക്തിയുടെ കേസ് പരിഗണിക്കവെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. കർണാടക, മദ്രാസ് ഹൈക്കോടതികളുടെ മുൻകാല നിരീക്ഷണങ്ങൾ കൂടി പരാമർശിച്ച കോടതി, കുറ്റാരോപിതനായ വ്യക്തിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.
2024 ഒക്ടോബർ മാസത്തിലാണ് യുവാവ് അറസ്റ്റിലാകുന്നത്. ഇയാളിൽ നിന്നും 226 ഗ്രാം മാജിക് മഷ്രൂമും 50 ഗ്രാം മാജിക് മഷ്രൂം ക്യാപ്സ്യൂളുകളും ചെറിയ അളവിൽ കഞ്ചാവും ചരസും കണ്ടെടുത്തിരുന്നു. തന്റെ പക്കൽ നിന്നും പിടികൂടിയ മറ്റ് ലഹരിവസ്തുക്കൾ എൻഡിപിഎസ് വകുപ്പ് ചുമത്താൻ പര്യാപ്തമായ അളവിൽ ഉണ്ടായിരുന്നില്ലെന്നും ഇയാൾ വാദിച്ചു. ഇതും കോടതി അംഗീകരിക്കുകയായിരുന്നു.