തിരുവനന്തപുരം : വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ 16 പേരുടെ വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറി പോലീസ് . ഹൈക്കോടതി നിർദേശിച്ചാൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. സമ്മേളനത്തിൽ പങ്കെടുത്തവരെന്ന നിലയിലാണ് ഗോവിന്ദനടക്കമുള്ളവരുടെ വിവരങ്ങൾ കൈമാറിയത്. പാളയം ഏരിയ കമ്മിറ്റി സമ്മേളനത്തിന് റോഡ് തടസപ്പെടുത്തി സ്റ്റേജ് കെട്ടിയ സംഭവത്തിൽ അഞ്ഞൂറോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പാളയം ഏരിയ സെക്രട്ടറി അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും സംസ്ഥാന നേതാക്കളെ തുടക്കത്തിൽ ഒഴിവാക്കിയിരുന്നു. വിഷയത്തിൽ ഹൈക്കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് എം വി ഗോവിന്ദൻ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള തീരുമാനം.
സമ്മേളനത്തിൽ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു . റോഡ് കുത്തിപ്പൊളിച്ചാണ് പൊതുസമ്മേളനത്തിന്റെ സ്റ്റേജിന് കാൽ നാട്ടിയതെങ്കിൽ കേസ് വേറെയാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ വഴി തടഞ്ഞാണ് ജോയിന്റ് കൗൺസിൽ സമരം നടന്നത്. എങ്ങനെയാണ് ഇത്തരം പരിപാടികൾക്ക് സ്റ്റേജ് കെട്ടുക. ഇത്തരം പ്രവൃത്തികൾക്ക് ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.