പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ . ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ. തൊടുപുഴയ്ക്ക് സമീപം മുട്ടം ചള്ളാവയലിലും അടൂർ മലയിലുമായി രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ പയ്യനിത്തോട്ടം, പത്തനംതിട്ട തൂമ്പക്കുളം എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി.കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മഷികല്ലേൽ രവി നാരായണൻ്റെ ഭാര്യ സുമതിയുടെ മൃതദേഹം കണ്ടെത്തി. ഇവരുടെ മകൻ രതീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. വാഗമൺ കോലാഹലമേട്ടിൽ വീട്ടിൽ മണ്ണിടിഞ്ഞുവീണ് പ്രഭാകരൻ നായർ (72) മരിച്ചു.
പൂഞ്ഞാറിൽ വീടിനു മുകളിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തെ കാണാതായി. പ്രദേശവാസിയായ ജോണിയുടെ വീടാണ് പൂർണ്ണമായും തകർന്നത്. ജോണിയുടെ മകൻ ജോസഫിന്റെ മൃതദേഹം കണ്ടെടുത്തു. എന്നാൽ ജോണിയുടെ ഭാര്യ റെജീനയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല . ജില്ലയുടെ പല ഭാഗങ്ങളിലും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മണ്ണിടിച്ചിലിനെ തുടർന്ന് സംസ്ഥാനത്തെ പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയ പാതയിൽ മണ്ണിടിച്ചിലുണ്ടായി. പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നു. വെള്ളപ്പൊക്കം കാരണം മാമുക്ക് ജംഗ്ഷനിൽ വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല.
തേക്കടി-കൊച്ചി സംസ്ഥാന പാതയുടെ ഭാഗമായ ഉപ്പുതറ-തൊടുപുഴ, ഉപ്പുതറ-ഈരാറ്റുപേട്ട-കട്ടപ്പന കുട്ടിക്കാനം ഹൈവേ തുടങ്ങിയ പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. പ്രദേശത്തെ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി . പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്.
മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും സഹായം അഭ്യർത്ഥിക്കുന്നതിനും പൊതുജനങ്ങൾക്ക് 9497960963, 9497908045 എന്നീ മൊബൈൽ നമ്പറുകളിലും 0468 2222600 എന്ന ലാൻഡ്ലൈൻ നമ്പറിലും എപ്പോൾ വേണമെങ്കിലും വിളിക്കാം. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വകുപ്പുമായി സഹകരിച്ച് അടിയന്തര സഹായം ഉടൻ നൽകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

