മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ റോഡിന്റെ മധ്യത്തിൽ സ്വകാര്യ ബസ് തലകീഴായി കാറിന് മുകളിൽ മറിഞ്ഞ് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. പെരുവയൽ സ്വദേശി വൈഷയാണ് മരിച്ചത് . പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം . അമിതവേഗതയിൽ വന്ന ബസ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു . അപകടത്തിൽ ബസ് രണ്ടായി പിളർന്നു.
ഇന്ന് രാവിലെ 11.40 ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേയ്ക്ക് പോകുകയായിരുന്ന ഡിഫെൻഡർ എന്ന ബസാണ് അപകടത്തിൽപ്പെട്ടത് .ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറിൽ ഇടിച്ചാണ് മറിഞ്ഞത് . യാത്രക്കാരെ രക്ഷിക്കാൻ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ബസിന്റെ പിൻഭാഗം പൊളിച്ചു നീക്കുകയായിരുന്നു . അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

