ബെംഗളൂരു : 2028 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ . പതിറ്റാണ്ടുകളായി സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് യാത്രയ്ക്കാണ് ഇതോടെ തിരശ്ശീല വീഴുന്നത്.
വാർദ്ധക്യവും, അനാരോഗ്യവുമാണ് തന്റെ തീരുമാനത്തിന് കാരണമെന്നാണ് സിദ്ധരാമയ്യ പറയുന്നത് . കർണാടക മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം . മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകിയാണ് അദ്ദേഹം രാജി വച്ചത്.
നേതൃമാറ്റം സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടിരുന്നെങ്കിലും, സമീപകാല രാഷ്ട്രീയ സംഭവമാറ്റങ്ങളേക്കാൾ വ്യക്തിപരമായ കാര്യങ്ങളാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. വരുണ മണ്ഡലത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുയായികൾ തന്നോട് വീണ്ടും ആവശ്യപ്പെട്ടതായി സിദ്ധരാമയ്യ പ്രസ്താവനയിൽ വെളിപ്പെടുത്തി. എന്നാൽ വീണ്ടും തിരഞ്ഞെടുപ്പ് മത്സരത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.
തനിക്ക് ഇപ്പോൾ 79 വയസ്സുണ്ടെന്നും കർണാടക 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ തനിക്ക് 81 വയസ്സ് ആകും . തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തന്റെ ആരോഗ്യം ഇപ്പോൾ പഴയതുപോലെ അല്ല . പ്രചാരണം നടത്താനും അതിനായി നടക്കാനുമൊക്കെ ആരോഗ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയം ‘ദുഷിത’മായി മാറിയിരിക്കുകയാണ് . പൊതുജീവിതത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനുള്ള മറ്റൊരു കാരണമാണ് . തിരഞ്ഞെടുപ്പ് മത്സരം ഒഴിവാക്കിയെങ്കിലും, പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. രാഷ്ട്രീയമായി സജീവമായി തുടരുമെന്നും ജനങ്ങളെ സംബന്ധിച്ച വിഷയങ്ങളിൽ ശബ്ദം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

