മലപ്പുറം: കൃഷ്ണപ്രിയയുടെ അച്ഛൻ മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം, തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്തരിച്ചത്. പ്രസാദ്, പ്രകാശ് എന്നിവരാണ് മറ്റുമക്കൾ.
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ 2001 ഫെബ്രവരി ഒൻപതിന് സ്കൂൾ വിട്ടു വരുന്ന വഴി അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. പെൺകുട്ടിയുടെ വീടിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു പ്രതി മുഹമ്മദ് കോയയുടെയും വീട്.
തുടർന്ന് മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. എന്നാൽ, 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയും ശങ്കരനാരായണൻ ഉൾപ്പെടെ ഉള്ളവരെ വെറുതെ വിടുകയുമായിരുന്നു. ക്രിമിനൽ സ്വഭാവമുള്ള മുഹമ്മദ് കോയക്ക് മറ്റുശത്രുക്കളും ഉണ്ടാകാമെന്ന വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ശങ്കരനാരായണനെയും ഒപ്പമുള്ളവരെയും വെറുതെ വിട്ടത്.

