കോലഞ്ചേരി: പ്ലസ് വൺ വിദ്യാർത്ഥിനിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. മാമല കക്കാട് കിനാറ്റിങ്ങൽപറമ്പിലെ മഹേഷിന്റെയും രമ്യയുടെയും ഏക മകൾ ആദിത്യ (16) ആണ് മരിച്ചത് . സ്കൂളിലേയ്ക്ക് പോയ ആദിത്യയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത് . ബാഗിൽ നിന്ന് കണ്ടെടുത്ത നോട്ട്ബുക്കിൽ ഇംഗ്ലീഷിൽ എഴുതിയ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ വിഷാദത്തിലായിരുന്നുവെന്നും അതുകൊണ്ടാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നുമാണ് കുറിപ്പിൽ പറയുന്നത്.
ഒരു ആഴ്ച മുമ്പ് കൊറിയൻ സുഹൃത്ത് മരിച്ചുവെന്ന് കുറിപ്പിൽ പറയുന്നു. തന്നെ വളരെയധികം സ്നേഹിക്കുന്ന എന്റെ മാതാപിതാക്കളെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. എങ്കിലും, സുഹൃത്തിന്റെ മരണം തനിക്ക് സഹിക്കാൻ കഴിയില്ലെന്നും കുറിപ്പിൽ പറയുന്നു.കൊറിയന്‍ സുഹൃത്ത് എന്ന പേരില്‍ മറ്റാരെങ്കിലും ആദിത്യയെ പറ്റിച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്. കൊറിയൻ സുഹൃത്ത് ആദിത്യയ്ക്ക് പാഴ്സലായി സമ്മാനങ്ങൾ അയച്ചു നൽകിയിരുന്നെന്നും പറയുന്നുണ്ട്.
കൊറിയൻ ഭാഷയിൽ എഴുതിയ ചില കുറിപ്പുകളും പെൺകുട്ടിയുടെ നോട്ട്ബുക്കിൽ നിന്ന് കണ്ടെത്തി. പെൺകുട്ടി വഞ്ചിക്കപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത് . കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ആദിത്യയുടെ ഫോൺ പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ഫോൺ അൺലോക്ക് ചെയ്യാൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടുമെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ 9 മണിയോടെ ക്വാറിയുടെ കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂൾ ബാഗ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ചോറ്റാനിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് ടെക്നീഷ്യൻ കോഴ്സിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു . രാവിലെ 7.45 ന് സ്കൂളിൽ പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ള ക്വാറിയിലേക്ക് ചാടിയതാണെന്നാണ് പോലീസിന്റെ നിഗമനം.

