ഷാർജ: കൊല്ലം സ്വദേശിനിയായ അതുല്യ സതീഷിനെ (30) ഷാർജയിലെ റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയറായ ഭർത്താവ് സതീഷും സുഹൃത്തുക്കളും അജ്മാനിൽ പോയി പുലർച്ചെ 4 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സതീഷ് സ്ഥിരമായി മദ്യപിക്കുന്നയാളാണെന്നും പലപ്പോഴും ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതുസംബന്ധിച്ച് ഷാർജ പോലീസിന് മുമ്പ് പരാതി ലഭിച്ചിട്ടുണ്ട്. വർഷങ്ങളായി യുഎഇയിൽ താമസിക്കുന്ന സതീഷ് ഒന്നര വർഷം മുമ്പാണ് അതുല്യയെ ഇവിടെ കൊണ്ടുവന്നത്. ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസിഭായിക്കുമൊപ്പം കൊല്ലത്താണ് താമസിക്കുന്നത്. ഏക സഹോദരി അഖില ഗോകുൽ ഷാർജയിലെ അതുല്യയുടെ ഫ്ലാറ്റിനടുത്താണ് താമസിക്കുന്നത്. ഭർത്താവിന്റെ പീഡനത്തെക്കുറിച്ച് അതുല്യ സഹോദരിയോട് പറഞ്ഞിരുന്നതായും വിവരമുണ്ട് . ഷാർജയിലെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും.
ദിവങ്ങൾക്ക് മുൻപാണ് കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചിക ഒന്നരവയസുകാരിയായ മകൾക്കൊപ്പം യുഎഇയിൽ വച്ച് ജീവനൊടുക്കിയത് . ഭർതൃപീഡനമാണ് വിപഞ്ചികയുടെ മരണത്തിനു കാരണമെന്നാണ് സൂചന . അതിനു പിന്നാലെയുണ്ടായ അതുല്യയുടെ മരണവും ഷാർജയിലെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.

