കളമശ്ശേരി ; ഇടപ്പള്ളിയിലെ ലോഡ്ജിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേരെ കൂടി പോലീസ് പിടികൂടി. ക്രൂരമായ കുറ്റകൃത്യത്തിന് ശേഷം ഒളിവില് പോയ സ്ത്രീയെയും കൂട്ടുപ്രതിയായ യുവാവിനെയുമാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയായ സ്ത്രീയും സഞ്ജു എന്ന യുവാവുമാണ് പിടിയിലായത്.
ഒക്ടോബർ 2-ന്, പ്രധാന പ്രതികളായ ശ്രീരാജും ജിത്ത് മാർട്ടിനും ചേർന്ന് സ്പാ ജോലിക്കുള്ള അഭിമുഖം എന്ന വ്യാജേന യുവതിയെ ലോഡ്ജിലെത്തിക്കുകയും, നിർബന്ധിച്ച് മദ്യവും ലഹരിമരുന്നും നൽകിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പിറ്റേന്ന് രാവിലെ വയനാട് സ്വദേശിയായ സ്ത്രീയും യുവതിയെ ഉപദ്രവിച്ചതായും സഞ്ജു ഇതിന് കൂട്ടുനിന്നെന്നും പോലീസ് പറഞ്ഞു. സ്പാ ഉടമയായ ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബർ 3-ന് വൈകുന്നേരം ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി തനിക്കുണ്ടായ ദുരനുഭവം വിവരിക്കുകയും, തുടർന്ന് ഭർത്താവ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. യുവതി ഇപ്പോൾ ചികിത്സയിലാണ്. തന്റെ ഭാര്യയുടെ മാനസിക നിലയെ സംഭവം ഗുരുതരമായി ബാധിച്ചതായി ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
അതിജീവിതയ്ക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ അറിയിച്ചു. നിലവിലെ സാഹചര്യം മനസ്സിലാക്കാൻ മന്ത്രി അതിജീവിതയുടെ ഭർത്താവുമായി ഫോണിൽ സംസാരിച്ചു. ആവശ്യമായ ചികിത്സയും നിയമസഹായവും ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സഹായങ്ങളും അതിജീവിതയ്ക്ക് ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

