തിരുവനന്തപുരം : കണ്ണൂരില് ആവശ്യമായ അനുമതികളില്ലാതെ, ഏക്കറിന് 2.49 കോടി രൂപ നിരക്കില് 2,074 ഏക്കർ മലയോര ഭൂമി കിഫ്ബി ഏറ്റെടുത്ത സംഭവത്തില് ക്രമക്കേട് നടന്നെന്ന് വിജിലന്സ് . പട്ടാന്നൂർ, കീഴല്ലൂർ , കോളാരി വില്ലേജുകളിൽ ഭൂമി ഏറ്റെടുത്തത്തിലാണ് ക്രമക്കേട് കണ്ടെത്തിയത് . വിഷയത്തിൽ മട്ടന്നൂർ സ്പെഷ്യൽ തഹസിൽദാർ ഓഫീസിഎ നാല് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.
മട്ടന്നൂർ സ്പെഷ്യൽ തഹസിൽദാർ ഓഫീസിലെയും പട്ടാനൂർ വില്ലേജ് ഓഫീസിലെയും 4 ഉദ്യോഗസ്ഥർക്കെതിരെയാണ് വിജിലൻസ് കേസ് എടുത്തത്.സ്പെഷ്യൽ തഹസിൽദാർ ഷേർലി വി, സ്പെഷ്യൽ റെവന്യൂ ഇൻസ്പെക്ടർ ഷാജി കെ, അസിസ്റ്റന്റ് പ്രദീപ് കുമാർ പി, വില്ലേജ് ഓഫീസിലെ സക്കീർ പി.പി എന്നിവരാണ് പ്രതികൾ.
കേസിന് പുറമേ സി.എ.ജി മുഖേന സമഗ്രമായ ഓഡിറ്റ് നടത്താനും സര്ക്കാര് ശുപാര്ശ ചെയ്തേക്കും. കഴിഞ്ഞ സര്ക്കാരിന്റെ കാലത്താണ് ഈ ഭൂമി ഏറ്റെടുത്തത്. പ്രത്യേക പദ്ധതികളൊന്നും ഇല്ലാതെയാണ് ഇത്രയേറെ ഭൂമി ഏറ്റെടുത്തത് . കിഫ്ബി മുന് സി.ഇ.ഒ കെ.എം. എബ്രഹാമിന്റെ കത്തിന്റെ അടിസ്ഥാനത്തില് കിഫ്ബി ബോര്ഡ് ഇതിന് ഭരണാനുമതി നല്കുകയായിരുന്നു.
മന്ത്രിസഭയോ ധനവകുപ്പോ ഈ ഭൂമി വാങ്ങുന്നതിന് അനുമതി നല്കിയിരുന്നില്ല. ഇത്തരം അനുമതികളില്ലാതെ, ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്കാന് കിഫ്ബിക്ക് നിയമപരമായി അധികാരമില്ല.
കിന്ഫ്ര വഴിയാണ് ഭൂമി ഏറ്റെടുത്തത്. എബ്രഹാമിന്റെ കത്തിന്റെ അടിസ്ഥാനത്തില്, കണ്ണൂര്, പാലക്കാട് ജില്ലകളിലായി 12,727 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കുന്നതിന് വ്യവസായ വകുപ്പ് ഭരണാനുമതി നല്കി. ഇതിനായി ഹഡ്കോയിൽ നിന്ന് 9% പലിശ നിരക്കില് വായ്പ എടുക്കുകയായിരുന്നു. കണ്ണൂരില് ഇരിട്ടിയിലെ കൊളരിയില് 1,044 ഏക്കറും കൂടാലിയില് 1,030 ഏക്കറുമാണ് ഏറ്റെടുത്തത്.
ഇതില് ഉന്നത വിദ്യാഭ്യാസ വകുപ്പിനായി നീക്കിവെച്ച 12.93 ഏക്കറും, കിന്ഫ്രയുടെ ഐ.ടി പാര്ക്കിനായി അനുവദിച്ച 50 ഏക്കറും ഒഴികെ ബാക്കിയുള്ള ഭൂമി ഉപയോഗശൂന്യമായി കിടക്കുകയാണ്. കാടുപിടിച്ച നിലയിലുമാണ്. വിഴിഞ്ഞത്ത് 500 ഏക്കര് ഭൂമി ഏറ്റെടുക്കാന് ബജറ്റില് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു
. ഭൂമി ഏറ്റെടുക്കല് നടപടികളില് രാഷ്ട്രീയ സ്വാധീനമുള്ള സ്വകാര്യ വ്യക്തികളുടെ പങ്കാളിത്തമുണ്ടെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. പട്ടന്നൂരില് ഭൂമി ഏറ്റെടുക്കാന് ബജറ്റില് നിര്ദ്ദേശിച്ചിരുന്നു. കണ്ണൂരിലെ പട്ടന്നൂരില് 1,000 ഏക്കര് ഭൂമി ഏറ്റെടുക്കുമെന്ന് ബജറ്റില് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ, കിഫ്ബി സി.ഇ.ഒ കിന്ഫ്ര മാനേജിംഗ് ഡയറക്ടര്ക്ക് കത്തെഴുതുകയുണ്ടായി. തുടർന്ന്, കിൻഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ 4,896 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടികൾ സ്വീകരിച്ചു.
കിഫ്ബി 2,489 കോടി രൂപ കിൻഫ്രയ്ക്ക് കൈമാറുകയും, തുടർന്ന് കിഫ്ബി, കിൻഫ്ര, സംസ്ഥാന സർക്കാർ എന്നിവർ തമ്മിൽ ഒരു ത്രികക്ഷി കരാർ ഒപ്പുവെക്കുകയും ചെയ്തു. ഇതിനകം ഏറ്റെടുത്ത ഭൂമി ഉപയോഗിക്കാതെ കിടക്കുമ്പോൾ തന്നെ, 9,572 കോടി ചെലവിൽ 3,829 ഏക്കർ കൂടി ഏറ്റെടുക്കാൻ കിഫ്ബി മറ്റൊരു വിജ്ഞാപനം പുറപ്പെടുവിച്ചു. 12 ശതമാനം പലിശ കൂടി കണക്കാക്കിയാൽ, ഭൂമി ഏറ്റെടുക്കലിന്റെ ആകെ ചെലവ് 15,000 കോടി രൂപയിൽ എത്തുമെന്ന് കണക്കാക്കപ്പെടുന്നു.

