തിരുവനന്തപുരം: രാജ്യത്തെ മറ്റുള്ളവർക്ക് അനുകരിക്കാൻ കഴിയുന്ന മാതൃകാ സംസ്ഥാനമാണ് കേരളമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ . ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്എസിഐ) നേതൃത്വത്തിൽ സ്കൂളുകളിൽ പ്രഥമശുശ്രൂഷ പരിശീലനം നൽകുന്ന സംസ്ഥാനതല ‘നിരാമയ കേരളം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കവെയാണ് ഗവർണർ സംസ്ഥാനത്തെ പ്രശംസിച്ചത്.
‘ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളം രാജ്യത്ത് ഏറ്റവും ഉയർന്ന റാങ്കിലാണ്. സർക്കാരിന് മാത്രം എല്ലാം ശരിയാക്കാൻ കഴിയില്ല. ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും കൈകോർക്കണം. പ്രഥമശുശ്രൂഷ പദ്ധതിയിൽ രാജ്യത്തെ നയിക്കാൻ കഴിഞ്ഞതിൽ കേരളം അഭിമാനിക്കുന്നു. ഗുരുപൂർണിമ ദിനത്തിൽ ഇത്തരമൊരു പദ്ധതി ആരംഭിച്ചത് അഭിനന്ദനാർഹമാണ്.
എന്റെ സ്കൂൾ കാലഘട്ടത്തിൽ, പ്രഥമശുശ്രൂഷാ പെട്ടിയിൽ തൊടാൻ പോലും എന്നെ അനുവദിച്ചിരുന്നില്ല. ഒരു സഹപാഠിക്ക് പരിക്കേറ്റാൽ പോലും, അത് എങ്ങനെ ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഒന്നാം ക്ലാസ് മുതൽ യൂണിവേഴ്സിറ്റി വരെയുള്ള പാഠ്യപദ്ധതിയിൽ പ്രഥമശുശ്രൂഷ നിർബന്ധമാക്കണം. പദ്ധതി പൊതുജനങ്ങളിലേക്കും വ്യാപിപ്പിക്കണം.” എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ കേരള ത്രിവിക്രം എം. ഉപാധ്യായ, സ്റ്റേറ്റ് ഹെഡ് മുബാറക് നവാബ്ജാൻ, സിഇഒ ഡോ. ഇഷ ശർമ്മ, പ്രസിഡന്റ് ഡോ. ഷബാബ് ആലം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

