തിന്മയെന്ന അന്ധകാരത്തിന്റെ മറ നീക്കി നന്മയെന്ന വെളിച്ചത്തിലേക്കുള്ള യാത്രയാണ് നവരാത്രി . നവരാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൂജവെപ്പ്. കേരളത്തിലെ ദുർഗാഷ്ടമി നാളിൽ സന്ധ്യാവേളയിലാണ് പൂജവെപ്പ് നടത്തുന്നത്. ക്ഷേത്രങ്ങളിൽ മാത്രമല്ല സ്വന്തം വീടുകളിലും ഈ ആചാരം വളരെ ഭംഗിയായി അനുഷ്ഠിക്കാവുന്നതാണ്.
അസ്തമയത്തിൽ അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജ വയ്പ്. 18 വൈകിട്ട് 6.02 മുതൽ 07.02 വരെ ഗുരു ഹോരയിൽ പൂജ വയ്ക്കാം. ആയുധങ്ങൾ പൂജ വയ്ക്കേണ്ടത് 19ന് വൈകിട്ടാണ്. 19 ന് വൈകിട്ട് 6.01 മുതൽ 7.30 വരെയാണ് ആയുധ പൂജ വയ്ക്കുന്നതിനു ഉത്തമം.
21 നാണ് പൂജയെടുപ്പും വിദ്യാരംഭവും. 21 നു കാലത്ത് 06.15 മുതൽ 08.12 വരെ വിദ്യാരംഭത്തിന് അത്യുത്തമമാണ് . എങ്കിലും വിജയദശമിയിൽ ക്ഷേത്രസങ്ങളിൽ വിദ്യാരംഭത്തിന് മുഹൂർത്തം നോക്കേണ്ടതില്ല. വീട്ടിലാണ് പൂജ വയ്ക്കുന്നതെങ്കിൽ വീടും പൂജാമുറിയും നന്നായി തുടച്ച് വൃത്തിയാക്കണം പൂജയിൽ പങ്കെടുക്കുന്നവരും ശരീര ശുദ്ധി വരുത്തി വൃത്തിയുടെ വസ്ത്രങ്ങൾ ധരിക്കണം.
പൂജാ മുറിയിലോ സ്വീകരണ മുറിയുടെ കിഴക്ക് വടക്ക് ദിക്കിലേക്കോ അഭിമുഖമായി ചെറിയ പീഠം വയ്ക്കുക അതിനുമുകളിൽ ദേവതകളുടെ ചിത്രങ്ങൾ സ്ഥാപിക്കുക. നടുവിൽ സരസ്വതി വലതുഭാഗത്ത് ഗണപതി ഭഗവാൻ ഇടതുഭാഗത്ത് മഹാലക്ഷ്മി ദേവി എന്നീ ക്രമത്തിലാണ് ഫോട്ടോകൾ വെക്കേണ്ടത്. ഈ മൂന്ന് മൂർത്തികളുടെയും ഫോട്ടോകൾക്ക് മാലകളും പൂക്കളും ചാർത്തണം. ഈ പീഠത്തിനുമുന്നിലായി അഞ്ചുതിരിയിട്ട നിലവിളക്ക് നെയ്യോ നല്ലെണ്ണയോ ഒഴിച്ചു കൊളുത്തുക.
ശേഷം പീഠത്തിന് താഴെ വൃത്തിയുള്ള തുണിയോ, പേപ്പറോ വിരിച്ച് പുസ്തകങ്ങളും, പണി ആയുധങ്ങളും വയ്ക്കാം . ഒരു കിണ്ടിയിലോ പാത്രത്തിലോ ശുദ്ധജലം എടുത്ത് ഒരു തുളസിയിലുപയോഗിച്ച് പുസ്തകങ്ങളിലും മറ്റും തളിച്ച് ഇവ ശുദ്ധി വരുത്തുക.അതിനുശേഷം പഴം, അവിൽ, മലർ, ശർക്കര, കൽക്കണ്ടം അല്ലെങ്കിൽ പായസം എന്നിവ നിവേദ്യമായി മൂർത്തികൾക്ക് സമർപ്പിക്കുക.
തുടർന്ന് സരസ്വതി ദേവിയെ മനസ്സിൽ ധ്യാനിച്ച് കർപ്പൂര ആരതി ഉഴിയുക. അടുത്ത ദിവസമായി നവമി നാളിൽ രാവിലെയും വൈകുന്നേരത്തും പൂജൾ നടത്തണാം . നവരാത്രിയുടെ സമാപനമായ വിജയദശമി നാളിലാണ് പൂജയെടുപ്പും വിദ്യാരംഭവും നടക്കുന്നത് . അന്ന് സരസ്വതി മന്ത്രങ്ങൾ ജപിക്കുകയും ലളിത അഷ്ടോത്തര ശതനാമാവലി കൊണ്ട് പുഷ്പാർച്ചന നടത്തുകയും ചെയ്യാം. തുടർന്ന് ആരതി തെളിയിച്ച് പ്രാർത്ഥിച്ച ശേഷം പൂജയ്ക്ക് വെച്ച പുസ്തകങ്ങളും ഉപകരണങ്ങളും തിരിച്ചെടുക്കാവുന്നതാണ്.

