ന്യൂഡൽഹി ; ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകണമെന്ന് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് നൽകിയ നിർദ്ദേശത്തിനെതിരെ, നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
അഭിഭാഷകരായ സുൽഫിക്കർ മേമൻ, പർവേസ് മേമൻ, ചിരാഗ് നായിക് എന്നിവർ മുഖേന സമർപ്പിച്ച ഹർജി, തിങ്കളാഴ്ച അടിയന്തര വാദം കേൾക്കുന്നതിനായി കോടതി പരിഗണിക്കും. മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് ഒക്ടോബർ 10-ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്നാണ് ഇമ്രാന് അധികൃതർ നോട്ടീസ് നൽകിയത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇന്ത്യ വിട്ടുപോകാൻ ആവശ്യപ്പെടുന്ന നോട്ടീസ് റദ്ദാക്കണമെന്നും, ഈ തീരുമാനത്തിലേക്ക് നയിച്ച രേഖകൾ ഹാജരാക്കാൻ അധികൃതരോട് നിർദ്ദേശിക്കണമെന്നും ഇമ്രാൻ ഖാൻ ഹർജിയിൽ ആവശ്യപ്പെടുന്നു. താൻ എന്ത് നിയമലംഘനമാണ് നടത്തിയതെന്ന് വ്യക്തമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ലെന്നും, താൻ ‘ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ’ കാർഡ് ഉടമയാണെന്ന കാര്യം അവർ പരിഗണിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.
ഏത് നിയമവ്യവസ്ഥയാണ് താൻ ലംഘിച്ചതെന്നും, അത് എങ്ങനെ അല്ലെങ്കിൽ എപ്പോൾ സംഭവിച്ചുവെന്നും നോട്ടീസിൽ പറയുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഒസിഐ കാർഡ് ഉടമ എന്ന നിലയിലുള്ള തന്റെ സ്ഥിര താമസാവകാശം അവഗണിച്ച്, വെറുമൊരു യുഎസ് പൗരനായി മാത്രമാണ് തന്നെ പരിഗണിച്ചതെന്നും ഹർജിയിൽ പറയുന്നു.
മാത്രമല്ല ഇമ്രാൻ ഖാൻ ബാരിക്കേഡുകൾ മറികടന്നിട്ടില്ലെന്നും, മാധ്യമപ്രവർത്തകർ അദ്ദേഹത്തെ വളഞ്ഞപ്പോൾ അദ്ദേഹം അവിടെ നിന്ന് മടങ്ങാൻ ശ്രമിക്കുകയായിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാകുമെന്നും ഹർജിയിൽ പറയുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെയും പങ്കാളി ലേഖ വാഷിംഗ്ടണിനെയും ബന്ധു സൈൻ മേരി ഖാനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് ഇമ്രാന് നോട്ടീസ് നൽകിയിരിക്കുന്നത് .

