തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനം ഒരുക്കാനാവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിലൂടെ പേരെടുത്തവർ കുറച്ച് സിനിമയും , കാശുമായപ്പോൾ കേരളത്തോട് വലിയ അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവൻ കുട്ടി വിമർശിച്ചു. നടിയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം .
ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണം ഗാനത്തിന് നൃത്താവിഷ്കാരം ഒരുക്കാനാണ് നടിയെ സമീപിച്ചത് . അവർ സമ്മതിച്ചു, എന്നാൽ 10 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിനായി അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ആവശ്യപ്പെട്ടത് . സ്കൂൾ കലോത്സവങ്ങളിലൂടെ പ്രശസ്തയായ നടിയാണ് ഇവർ. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് തന്നെ ഇത് വേദനിപ്പിച്ചു . ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചെന്നും. സാമ്പത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകർ ഉണ്ടെന്നും ശിവൻ കുട്ടി പറഞ്ഞു.
സ്കൂൾ കലോത്സവം വഴിയാണ് അവർ സിനിമയിൽ എത്തിയത്. അങ്ങനെ ഉള്ളവർ വരുന്ന തലമുറയിലെ കുട്ടികൾക്ക് മാതൃകയാവുകയാണ് വേണ്ടത്. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളോട് ഈ നടി അഹങ്കാരം കാണിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു.