പത്തനംതിട്ട: തിരുവല്ല കവിത കൊലക്കേസിൽ പ്രതി അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട് . പിഴ നൽകിയില്ലെങ്കിൽ അജിന്റെ സ്വത്ത് വകകളിൽ നിന്നും ഈടാക്കും.
പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി(ഒന്ന്) ജഡ്ജി ജി.പി. ജയകൃഷ്ണനാണ് വിധി പറഞ്ഞത്. വിധി പ്രസ്താവിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും കോടതി പ്രശംസിച്ചു. അജിൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. കോഴഞ്ചേരി അയിരൂർ പുത്തേഴം കണ്ണങ്കരയത്ത് ചരുവിൽ കിഴക്കേമുറിയിൽ കവിത(19)യാണ് കൊല്ലപ്പെട്ടത്.
2019 മാർച്ച് 12-ന് രാവിലെ 9.10-ന് തിരുവല്ല റെയിൽവേസ്റ്റേഷൻ റോഡിൽ ചിലങ്ക ജങ്ഷന് സമീപമായിരുന്നു സംഭവം. പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്നായിരുന്നു ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു . സംസാരിക്കാനെന്ന വ്യാജേന യുവതിയെ തടഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
70 ശതമാനത്തോളം പൊള്ളലേറ്റ കവിതയെ ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും, എട്ടുദിവസത്തിനുശേഷം മരിച്ചു.തിരുവല്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാർത്ഥിനിയായിരുന്നു കവിത. ഇരുവരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ സഹപാഠികളായിരുന്നു. കവിതയെ കൊലപ്പെടുത്തിയ ശേഷം അജിൻ ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്നു
തിരുവല്ല സിഐ ആയിരുന്ന പി.ആർ. സന്തോഷാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി. കേസിൽ 43 സാക്ഷികളെ വിസ്തരിച്ചു. 93 രേഖകളും ഹാജരാക്കി.

