ബെംഗളൂരു : അശ്ലീല വീഡിയോകൾ പുറത്ത് വന്നതിനു പിന്നാലെ കർണാടക ഡിജിപി (സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ്) കെ രാമചന്ദ്ര റാവുവിനെ സസ്പെൻഡ് ചെയ്തു. ഓഫീസിനുള്ളിൽ സ്ത്രീകളുമായി അടുത്തിടപഴകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടപടി .
സംഭവത്തിൽ പ്രതിഷേധം വർദ്ധിക്കുകയും നിരവധി പരാതികൾ ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഔപചാരിക അന്വേഷണത്തിനും കർണാടക സർക്കാർ ഉത്തരവിട്ടു . വിശദമായ അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ അച്ചടക്ക നടപടിയെടുക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സീനിയോറിറ്റി സംരക്ഷണം നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദത്തെക്കുറിച്ച് നേരത്തെ തന്നെ തനിക്ക് അറിയാമായിരുന്നുവെന്നും അന്വേഷണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് ഉടൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ നടപടിയെടുക്കും. ആരും നിയമത്തിന് അതീതരല്ല, ഉദ്യോഗസ്ഥൻ എത്ര മുതിർന്ന ആളായാലും,” സിദ്ധരാമയ്യ പറഞ്ഞു.1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് റാവു . ഓഫീസ് സമയത്ത് റാവു യൂണിഫോമിൽ തന്റെ ഓഫീസിനുള്ളിൽ സ്ത്രീകളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതായി ക്ലിപ്പുകളിൽ കാണാം.
വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും അന്വേഷണത്തിന്റെ ഭാഗമായി വീഡിയോകൾ പരിശോധിക്കാനും സംസ്ഥാന സർക്കാർ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് എപ്പോൾ, എവിടെയാണ് റെക്കോർഡ് ചെയ്തതെന്ന് നിർണ്ണയിക്കാൻ സൈബർ, സാങ്കേതിക വിദഗ്ധരും ദൃശ്യങ്ങൾ വിശകലനം ചെയ്യും.
അതേസമയം ആരോപണങ്ങൾ റാവു പൂർണ്ണമായും നിഷേധിച്ചു, വീഡിയോകൾ “കെട്ടിച്ചമച്ചതും, വ്യാജവും, തന്നെ അപകീർത്തിപ്പെടുത്താനും കരിയർ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് റാവുവിന്റെ പ്രതികരണം.
മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ, ക്ലിപ്പുകൾ കണ്ട് താൻ ഞെട്ടിപ്പോയെന്നും അവ എങ്ങനെ, എപ്പോൾ റെക്കോർഡുചെയ്തുവെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ എന്റെ അഭിഭാഷകനുമായി കൂടിയാലോചിച്ച് ഉചിതമായ നിയമനടപടി സ്വീകരിക്കും,” ആഭ്യന്തര മന്ത്രി ജി പരമേശ്വരയെ കാണാനുള്ള തന്റെ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും റാവു പറഞ്ഞു. “ഈ കാലഘട്ടത്തിൽ, എന്തും സൃഷ്ടിക്കാൻ കഴിയും. എനിക്ക് അതിനെക്കുറിച്ച് ഒരു ധാരണയുമില്ല,” അദ്ദേഹം പറഞ്ഞു.
ഇത് പഴയ വിഡിയോ ആണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പഴയതെന്നു പറഞ്ഞാല്‍ എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെളഗാവിയില്‍ ഉണ്ടായിരുന്ന സമയത്തേതെന്ന് കൂടി ഡിജിപി മറുപടി പറയുന്നുണ്ട്

