ചെന്നൈ : തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ . നയപ്രഖ്യാപന ദിവസമായ ഇന്ന് സംസ്ഥാന സർക്കാർ ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഗവർണർ ആർ.എൻ. രവി സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാന ഗാനം ആലപിച്ചിരുന്നു . തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കാന്‍ ഗവര്‍ണര്‍ രവി ആവശ്യപ്പെട്ടു. എന്നാല്‍ തമിഴ് തായ് ആശംസ മാത്രമാണ് ആദ്യമെന്നും, ദേശീയഗാനം ആദ്യം ആലപിക്കുന്നില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ദേശീയഗാനത്തെ അപമാനിക്കാനാവില്ലെന്നും, ആലപിക്കണമെന്നും ഗവര്‍ണര്‍ ശഠിച്ചു.തുടര്‍ന്ന് നിയമസഭയില്‍ അംഗങ്ങള്‍ക്ക് മാത്രമാണ് അഭിപ്രായം പറയാനാവൂ എന്നും, മറ്റൊരാള്‍ക്കും അതിനവകാശമില്ലെന്നും സ്പീക്കര്‍ മറുപടി നല്കി.ഇതിനു പിന്നാലെ ദേശീയ ഗാനം “അപമാനിക്കപ്പെട്ടു” എന്ന് പ്രഖ്യാപിച്ച് ഗവർണർ സഭയെ അഭിസംബോധന ചെയ്യാതെ ഇറങ്ങിപ്പോയി.
ഇറങ്ങിപ്പോയതിന് തൊട്ടുപിന്നാലെ, ഗവർണറുടെ ഓഫീസ് പ്രസ്താവനയും പുറത്തിറക്കി. പ്രസംഗത്തിനിടെ സർക്കാർ തന്റെ മൈക്ക് ഓഫ് ചെയ്യുകയും സംസ്ഥാന സർക്കാർ പതിവുപോലെ തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കുകയുമാണ് ചെയ്തതെന്ന് പ്രസ്താവനയിൽ പറയുന്നു .
സംസ്ഥാന സർക്കാർ അവതരിപ്പിച്ച റിപ്പോർട്ടിൽ നിരവധി അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും ഉൾപ്പെടുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിർണായക പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടുവെന്നും ഗവർണർ പ്രസ്താവനയിൽ പറയുന്നു.
അതേസമയം ഗവർണറുടെ നടപടികൾ നൂറു വർഷം പഴക്കമുള്ള സഭയുടെ പാരമ്പര്യങ്ങളെ അപമാനിക്കുന്നതാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഡി.എം.കെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈ ഒരിക്കൽ പറഞ്ഞ “ആടിന് താടി എന്തിനാണ്… ഒരു സംസ്ഥാനത്തിന് എന്തിനാണ് ഗവർണറെ വേണ്ടത്? എന്ന് ചോദിച്ചിരുന്നു. അതാണ് യാഥാർത്ഥ്യം.
തന്റെ ഭരണകൂടം ഒരു തരത്തിലും ഗവർണറെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ അനാദരിച്ചിട്ടില്ലെന്നും തമിഴ് ജനതയെ ബഹുമാനിക്കുന്നതിൽ പരാജയപ്പെട്ടത് ഗവർണറാണെന്നും സ്റ്റാലിൻ പറഞ്ഞു.

