ചെന്നൈ : സനാതനധർമ്മത്തിനെതിരായി പ്രസ്താവന നടത്തിയ ഉദയനിധി സ്റ്റാലിനെതിരെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. മാത്രമല്ല ഉദയനിധിയെ കുറ്റപ്പെടുത്തിയതിനെ പേരിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കെതിരെ തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആറും കോടതി റദ്ദാക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബിജെപി നേതാവ് കെ .അണ്ണാമലൈ.
വിദ്വേഷ പ്രസംഗത്തിന്റെ ഉപജ്ഞാതാവിനെ തമിഴ്നാട്ടിൽ ഒരു കേസും ഫയൽ ചെയ്യാതെ സ്വതന്ത്രനായി പോകാൻ അനുവദിച്ചതും, അതിനോട് പ്രതികരിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തവരെ ഡിഎംകെ സർക്കാരിന്റെ നിർബന്ധിത സംവിധാനത്തിന് കീഴിൽ നടപടിയ്ക്ക് വിധേയമാക്കിയതുമായ അനീതിയെയാണ് കോടതി ചോദ്യം ചെയ്തതെന്ന് അണ്ണമലൈ പറഞ്ഞു .
‘ അഴിമതിക്കാരായ ഹിന്ദു വിരുദ്ധരായ ഡിഎംകെ സർക്കാർ അമിത് മാളവ്യയ്ക്കെതിരെ സമർപ്പിച്ച പ്രതികാരപരവും രാഷ്ട്രീയ പ്രേരിതവുമായ എഫ്ഐആർ ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കി. സനാതന ധർമ്മം ഇല്ലാതാക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പ്രസംഗത്തെ ചോദ്യം ചെയ്യുന്നതോ അതിന് മറുപടി നൽകുന്നതോ ക്രിമിനൽ കുറ്റമല്ലെന്നും കോടതി വ്യക്തമായി നിരീക്ഷിച്ചു.
ശ്രദ്ധേയമായി, ഡിഎംകെയും ദ്രാവിഡർ കഴകവും ഹിന്ദുമതത്തോടുള്ള ദീർഘകാല ശത്രുതാപരമായ രീതിയെക്കുറിച്ചും കോടതി പരാമർശിച്ചു, കഴിഞ്ഞ നൂറ്റാണ്ടിൽ ഇത്തരം ആക്രമണങ്ങൾ നടന്നതായും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നീതി വിജയിച്ചു. സത്യത്തെ വിചാരണ ചെയ്യാൻ കഴിയില്ല, ഡിഎംകെയുടെ രാഷ്ട്രീയ പ്രതികാരത്തിന് നാഗരിക വിശ്വാസത്തെ ഇല്ലാതാക്കാനും കഴിയില്ല.
ജസ്റ്റിസ് ശ്രീമതി എവിഎല്ലിനെതിരെ ഡിഎംകെയും ഐഎൻഡിഐ സഖ്യത്തിലെ മറ്റുള്ളവരും ഇംപീച്ച്മെന്റ് നോട്ടീസ് നൽകുമോ? ‘ എന്നാണ് അണ്ണാമലൈ സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിക്കുന്നത് .
നേരത്തെ തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തിക വിളക്ക് തെളിയിക്കാൻ നിർദേശിച്ച ജഡ്ജിയെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന് ഡിഎംകെയും , ഇൻഡി മുന്നണിയിലെ നേതാക്കളും ചേർന്ന് ആവശ്യപ്പെട്ടിരുന്നു.

