തിരുവനന്തപുരം : ജൈവകൃഷിയാണ് എന്നും നല്ലതെന്ന് തിരിച്ചറിഞ്ഞ ഐടി കമ്പനി മാനേജരാണ് വിശാൽ . അതുകൊണ്ട് തന്നെ ഫ്ലാറ്റിൽ കഞ്ചാവ് വളർത്തിയതും ജൈവകൃഷിയായി തന്നെ. ഒന്നരലക്ഷം രൂപ ശമ്പളം വാങ്ങുന്ന വിശാൽ ചട്നി ഉണ്ടാക്കാൻ വരെ കഞ്ചാവ് ആണ് ഉപയോഗിച്ചിരുന്നത്. ശ്രീകാര്യം പൊലീസണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു വിശാലിന്റെ ഫ്ലാറ്റിലെ റെയ്ഡ് . കണ്ടെത്തിയത് 70 ചെടികളടങ്ങിയ വിശാലമായ തോട്ടവും. ഹരിയാനക്കാരനാണ് വിശാൽ. ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ മാനേജരാണ് വിശാൽ. ചെടിച്ചട്ടികൾ വാങ്ങി മണ്ണും കമ്പോസ്റ്റും വാങ്ങിച്ചാണ് കഞ്ചാവ് നട്ട് വളർത്തിയിരുന്നത്.
മൂപ്പെത്താത്ത കഞ്ചാവ് ചട്നി ഉണ്ടാക്കാനും , പാലിൽ അരച്ച് ചേർത്ത് കുടിക്കാനും എടുത്തിരുന്നു. കൃഷി ചെയ്ത് കിട്ടുന്ന കഞ്ചാവ് മുഴുവൻ സ്വന്തമായിട്ടാണ് ഉപയോഗിച്ചിരുന്നത് . പുറത്ത് വിറ്റ് കാശാക്കാൻ നിന്നിരുന്നില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഹരിയാനയിലും മറ്റും കഞ്ചാവ് കൃഷി സാധാരണമാണെന്നും , കേരളത്തിൽ ഇത് ഇത്ര കുറ്റമാകുമെന്ന് അറിഞ്ഞില്ലെന്നുമാണ് വിശാൽ പൊലീസിനോട് പറഞ്ഞത്.

