തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു . ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു.11 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെ കനത്ത മഴയ്ക്കുള്ള സൂചനയാണ് ഓറഞ്ച് അലേർട്ട്. അതേസമയം 6 സെന്റീമീറ്റർ മുതൽ 11 സെന്റീമീറ്റർ വരെ കനത്ത മഴയ്ക്കുള്ള സൂചനയാണ് യെല്ലോ അലേർട്ട്.
കനത്ത മഴ കണക്കിലെടുത്ത്, കോട്ടയം, കൊല്ലം, ഇടുക്കി ജില്ലാ കളക്ടർമാർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയിൽ ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത് . മംഗലാപുരം സെൻട്രൽ – തിരുവനന്തപുരം വന്ദേ ഭാരത് 1 മണിക്കൂർ 36 മിനിറ്റ് വൈകിയാണ് ഓടുന്നത്.
ഗോരഖ്പൂർ – തിരുവനന്തപുരം രപ്തി സാഗർ 5 മണിക്കൂർ വൈകി. ബെംഗളൂരു – തിരുവനന്തപുരം സ്പെഷ്യൽ 1 മണിക്കൂർ 45 മിനിറ്റ് വൈകി. തിരുവനന്തപുരം – മുംബൈ സിഎസ്എംടി എക്സ്പ്രസ് 1 മണിക്കൂർ 30 മിനിറ്റ് വൈകി.
വിഴിഞ്ഞത്ത് നിന്ന് രണ്ട് ബോട്ടുകളിലായി മത്സ്യബന്ധനത്തിനായി പോയ എട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി . ഇവർക്കായി തിരച്ചിൽ തുടരുന്നു.മലങ്കര അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

