കോഴിക്കോട് : കാറിന് തീ പിടിച്ച് ഗർഭിണി മരിച്ചതിന് പിന്നാലെ ഭർത്താവും മരിച്ചു. ചെറുവണ്ണൂർ പൂവുത്തും ചാലിൽ സ്വദേശി രജിൻ ലാലാണ് മരിച്ചത് . ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രജിൻ . മെയ് 15 നാണ് രജിന്റെ ഭാര്യ പാലേരി കുയിമ്പിൻ കള്ളിക്കണ്ടി മീത്തൽ സ്വദേശി സോന പൊള്ളലേറ്റ് മരിച്ചത് .
ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടുവന്ന ശേഷം മടങ്ങി പോകുമ്പോഴായിരുന്നു സംഭവം . ചെറുവണ്ണൂരിൽ നിന്ന് കക്കറമുക്ക് റോഡിൽ എത്തിയപ്പോൾ പെട്ടെന്ന് കാർ കത്തുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്ന സോനയെ രക്ഷപെടുത്താൻ രജിൻ ലാൽ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും തീ ആളിപ്പടർന്നിരുന്നു .
സംഭവദിവസം സോന കാനിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു .രജിനും, സോനയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഫോറൻസിക് , മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടില്ലെന്നും വ്യക്തമായിരുന്നു. സോന വാങ്ങിയ പെട്രോൾ കാറിനുള്ളിൽ ഒഴിച്ച് തീ കൊളുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

