പാലക്കാട്: പാലക്കാട് വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതായി പരാതി . പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ആട്ടയാമ്പതി സ്വദേശിയായ സരസമ്മാൾ (66) ആണ് കൊല്ലപ്പെട്ടത്. ജൂൺ 10 മുതൽ സരസമ്മാളിനെ കാണാനില്ലായിരുന്നു. ജൂൺ 12 ന് മകൾ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ സംശയം തോന്നിയ പോലീസ് നാട്ടുകാരായ ചില യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
സരസമ്മാളിന്റെ വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയായിരുന്നു കൊലപാതകം നടന്നതെന്ന് യുവാക്കൾ മൊഴി നൽകിയതായും സൂചനയുണ്ട് . മൃതദേഹം ഡ്രമ്മിൽ നിറച്ച് കത്തിച്ചു. ഭാഗികമായി കത്തിയ മൃതദേഹം പിന്നീട് ചാക്കിനുള്ളിൽ ഇട്ട് കുഴിച്ചിട്ടു. കൊലപാതകത്തിൽ 17 വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട് . സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. മൃതദേഹം പുറത്തെടുത്തു ശാസ്ത്രീയ പരിശോധനയും തുടർനടപടികളും പൂർത്തിയാക്കിയശേഷമേ സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ.

