മലപ്പുറം ; കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി . ക്ലാസ്സിൽ ശ്രദ്ധിച്ചില്ലെന്ന് ആരോപിച്ച് അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചതിനെ തുടർന്നാണ് കുട്ടിയുടെ കൈക്ക് ഒടിവ് സംഭവിച്ചതെന്നാണ് മാതാപിതാക്കളുടെ പരാതി.
കുട്ടിയുടെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് വടകര സ്വദേശിയായ ബെൽരാജ് എന്ന അധ്യാപകനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. പനി 10 വയസുകാരി കുറച്ച് ദിവസത്തെ അവധിയെടുത്ത ശേഷം സ്കൂളിൽ തിരിച്ചെത്തിയ ആദ്യ ദിവസമാണ് സംഭവം .
ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് അധ്യാപകൻ പിന്നിൽ നിന്ന് വന്ന് ചൂരൽ കൊണ്ട് അടിച്ചതായി കുട്ടി നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിന് ശേഷം കൈയിൽ കടുത്ത വേദന അനുഭവപ്പെടുന്നതായി പെൺകുട്ടി അധ്യാപകനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നിട്ടും പരിക്കേറ്റ കൈകൊണ്ട് എഴുതാൻ അധ്യാപകൻ തന്നോട് ആവശ്യപ്പെട്ടതായി കുട്ടി പറഞ്ഞു .
മുൻപും പലതവണ അധ്യാപകൻ ക്ലാസിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും മർദിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥി അധികൃതരെ അറിയിച്ചു. സംഭവത്തിന് ശേഷം അധ്യാപകൻ തന്നെയാണ് വിദ്യാർത്ഥിയെ വീട്ടിലേക്ക് കൊണ്ടുപോയി വിട്ടതും. ക്ലാസിൽ ശ്രദ്ധിക്കാത്തതിന് തല്ലിയെന്നും അപ്പോൾ കരയാൻ തുടങ്ങിയതാണെന്നും , മറ്റ് പ്രശ്നമൊന്നുമില്ലെന്നുമാണ് അധ്യാപകൻ വീട്ടുകാരോട് പറഞ്ഞത്.
എന്നാൽ, കുട്ടിയുടെ കൈയിൽ വീക്കവും നിറവ്യത്യാസവും കണ്ട മാതാപിതാക്കൾ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എക്സ്-റേയിൽ കൈക്ക് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

