എറണാകുളം : ഉദയംപേരൂരില്‍ പാസ്റ്റര്‍മാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാകിസ്ഥാന് കൊടി ഉയർത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജീസസ് ജനറേഷന് എന്ന പ്രാര്‍ഥന കൂട്ടായ്മ നയിക്കുന്ന ദീപു ജേക്കബിന് എതിരെയാണ് കേസ്. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീക്കുട്ടന്റെ പരാതിയിലാണ് നടപടി. BNS 196 (1) A പ്രകാരമാണ് കേസെടുത്തത്.
നാല്‍പ്പതോളം പാസ്റ്റര്‍മാര്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഉദയംപേരൂരില്‍ നടന്നത് .ജീസസ് ജനറേഷന് ഓഡിറ്റോറിയത്തില്‍ 40 ദിവസമായി നടന്നുവന്ന പ്രാര്‍ത്ഥന ശുശ്രൂഷയിലാണ് പാക് പതാക ഉപയോഗിച്ചത്. കലാപാഹ്വാനം നടത്തി, മതസ്പര്‍ദ്ദ വളര്‍ത്തി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദീപുവിനെതിരെ പൊലീസ് കേസെടുത്തത്.
പ്രശ്നം ഉണ്ടാക്കാന്‍ ചെയ്തതല്ലെന്നാണ് ദീപു ജേക്കബ് നല്കിയ വിശദീകരണം. 20 രാജ്യങ്ങളുടെ പതാക പരിപാടിയില്‍ ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ പതാകയോട് അനാദരവ് കാട്ടി എന്ന ഒരു പരാതി കൂടി ശ്രീക്കുട്ടന് നല്‍കിയിട്ടുണ്ട്. പരിപാടിക്ക് ശേഷം ഇന്ത്യന്‍ പതാക വലിച്ചെറിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ദീപു ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

