കൊച്ചി: വയനാട് പുനരധിവാസത്തിൽ ദുരന്ത നിവാരണ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സംസ്ഥാന സർക്കാർ ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്. ഓഡിറ്റിംഗ് പോലും കൃത്യമല്ല. ഏകദേശ കണക്ക് പോലും നൽകാൻ കഴിയുന്നില്ലെങ്കിൽ പണം ലഭിക്കുന്നില്ലെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് എത്ര രൂപ വിനിയോഗിക്കാൻ സാധിക്കുമെന്ന് സംസ്ഥാന സർക്കാരിനോട് കോടതിയെ അറിയിക്കാൻ നിർദ്ദേശിച്ചിരുന്നു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കേന്ദ്രം എത്ര പണം നൽകിയിട്ടുണ്ടെന്ന് അറിയിക്കാനും നിർദ്ദേശിച്ചിരുന്നു. ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചപ്പോഴാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വകുപ്പിൻ്റെ ഓഡിറ്റ് ഓഫീസർ നേരിട്ട് ഹാജരായത്. ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.
ഫണ്ടിൽ ബാക്കിയുള്ള 677 കോടി രൂപയിൽ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ല. നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാലാണ് അടിയന്തിരാവശ്യങ്ങൾക്ക് ഫണ്ട് ചെലവഴിക്കാനാവാത്തതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. സർക്കാരിന് അറിയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.