തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകൾ ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
വരും മണിക്കൂറുകളിൽ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റോടു കൂടിയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
മഴയ്ക്കൊപ്പം സംസ്ഥാനത്ത് വേനൽ ചൂടും വർധിക്കുകയാണ്. പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത് . അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.

