തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തലസ്ഥാനത്ത് തമ്പാനൂർ, ചാക്ക , ശ്രീകണ്ഠേശ്വരം , കിംസ് ആശുപത്രി പരിസരങ്ങളും വെള്ളക്കെട്ടായി മാറിക്കഴിഞ്ഞു. . കഴിഞ്ഞ ഒരു മണിക്കൂറായി നഗരത്തിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടത്തും വെള്ളക്കെട്ട് പരിഹരിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ് . മഴയെത്തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾ മുമ്പ് പ്രഖ്യാപിച്ച ഷെഡ്യൂൾ അനുസരിച്ച് തുടരും.
കനത്ത മഴയെത്തുടർന്ന് വാമനപുരം നദിയിലെ നീരൊഴുക്ക് വർദ്ധിച്ചു. ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ് . ഇത് ഉരുൾപൊട്ടൽ സാധ്യതയും വർദ്ധിപ്പിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം, വെള്ളിയാഴ്ച മുതൽ പൊൻമുടി ഇക്കോ ടൂറിസം സെന്റർ അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ 15 സെന്റീമീറ്റർ ഉയർത്തി. അണക്കെട്ടിന് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.തിരുവനന്തപുരത്തിന് പുറമേ, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ തുടരുകയാണ് . പത്തനംതിട്ടയിലെ ഇലന്തൂരിൽ ഒരു വീടിന്റെ മതിൽ ഇടിഞ്ഞുവീണ് അപകടമുണ്ടായി.
തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് കനത്ത മഴയും ശക്തമായ കാറ്റും മൂലം വലിയ ഹോർഡിംഗ് തകർന്നുവീണു, സമീപത്തെ വീടിന് കേടുപാടുകൾ സംഭവിച്ചു. ഒരു സ്വകാര്യ ആശുപത്രിയുടേതാണ് ഹോർഡിംഗ് . ഹോർഡിംഗ് വീടിന് മുന്നിലുള്ള ഒരു മരത്തിൽ ഇടിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് എന്നീ അഞ്ച് ജില്ലകൾക്ക് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, വയനാട് ജില്ലകളിലും ഇന്ന് കനത്ത മഴ മുന്നറിയിപ്പുണ്ട്.
കനത്ത മഴയെ തുടർന്ന് കുവൈറ്റ് എയർവേയ്സ് വിമാനത്തിന്റെ ലാൻഡിംഗും വൈകി. പുലർച്ചെ 5.45 ന് തിരുവനന്തപുരത്ത് ഇറങ്ങേണ്ടിയിരുന്ന കുവൈറ്റിൽ നിന്നുള്ള വിമാനം ഏകദേശം ഒരു മണിക്കൂർ വൈകിയാണ് ലാൻഡ് ചെയ്തത്.

