തിരുവനന്തപുരം ; ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. പ്രതിയെ മരണം വരെ തൂക്കിക്കൊല്ലാൻ നെയ്യാറ്റിൻ കര അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മല കുമാരൻ നായർക്ക് മൂന്ന് വർഷത്തെ തടവും വിധിച്ചു.
ക്രിമിനൽ പശ്ചാത്തലമില്ലെന്നതും , പ്രായംകുറവാണെന്നതും വധശിക്ഷയ്ക്ക് തടസമല്ല . ആസൂത്രിത കൊലപാതകമാണ് ഗ്രീഷ്മ നടത്തിയത്.തട്ടിക്കൊണ്ട് പോകലിന് 10 വര്‍ഷവും അന്വേഷണം വഴി തെറ്റിച്ചുവിടാന്‍ ശ്രമിച്ചതിന് അഞ്ച് വര്‍ഷവും കോടതി വിധിച്ചു.തെളിവു നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മാവൻ നിർമല കുമാരൻ നായർക്ക് ശിക്ഷ
മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്നും, ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതി 586 പേജുള്ള വിധിന്യായത്തിൽ പറയുന്നു . വെള്ളമിറക്കാൻ പോലും വയ്യാതെ 11 ദിവസം ആശുപത്രിയിൽ കിടന്നപ്പോഴും ഷാരോൺ ഒരിക്കൽ പോലും ഗ്രീഷ്മയെ കൈവിട്ടില്ല. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ കാണിച്ചത് . സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. തെളിവുകൾ ഒപ്പമുണ്ടെന്ന് പ്രതി അറഞ്ഞിരുന്നില്ലെന്നും, ജ്യൂസ് ചലഞ്ച് വധശ്രമമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹം ഉറപ്പിച്ച ശേഷവും ഗ്രീഷ്മയ്ക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നു. ഷാരോണുമായി ലൈംഗികബന്ധം നടത്തിയതായി തെളിഞ്ഞുവെന്നും വിധിന്യായത്തിൽ പറയുന്നു. ബന്ധം അവസാനിപ്പിക്കാൻ വിഷം നൽകി കൊലപ്പെടുത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി പറയുന്നു. ഇക്കാര്യത്തിൽ ഗ്രീഷ്മയുടെ പ്രായം കണക്കിലെടുക്കാനാകില്ല. കുറ്റം മറയ്ക്കാനുള്ള ഗ്രീഷ്മയുടെ ശ്രമം വിജയിച്ചില്ല . കേസന്വേഷണത്തെ വഴി തെറ്റിക്കാനാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും കോടതി കണ്ടെത്തി. ലൈസോള്‍ കുടിച്ചാല്‍ മരിക്കില്ലെന്ന് കൃത്യമായ ധാരണ പ്രതിക്കുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.